ന്യൂഡൽഹി: പാകിസ്ഥാനതെിരെ രൂക്ഷവിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. എപ്പോഴും എന്തിനാണ് കാശ്മീരിന്റെ പേരും പറഞ്ഞ് ഇങ്ങനെ മുതലകണ്ണീർ ഒഴുക്കുന്നതെന്ന് രാജ്നാഥ് സിംഗ് പാകിസ്ഥാനോട് ചോദിച്ചു. കാശ്മീർ നിങ്ങളുടേതല്ല, അത് എക്കാലത്തും ഇന്ത്യയുടെ ഭാഗമായിരിക്കും. ഇന്ത്യയിലേക്ക് ഭീകരത കയറ്റി അയക്കുന്നത് പാകിസ്ഥാൻ നിറുത്തണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ജമ്മു കാശ്മീരിലെ ലഡാക് സന്ദർശനത്തിനിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മുകാശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യ-പാക് ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് രാജ്നാത് സിംഗിന്റെ പ്രതികരണം. 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി കാശ്‌മീരിലെത്തുന്നത്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ലഡാക്കിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. സന്ദർശനത്തിനിടെ സൈനിക ഉന്നത ഉദ്യോഗസ്ഥരോട് പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മു കാശ്മീരിലെത്തി. കേന്ദ്ര സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് തരിഗാമിയെ കാണാൻ സുപ്രീംകോടതി യെച്ചൂരിക്ക് അനുമതി നൽകിയത്. തരിഗാമിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവരുടെയും മൗലികാവകാശങ്ങൾ പാലിക്കപ്പെടണമെന്നും കാശ്മീർ ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.