money

തെരുവിൽ ഭിക്ഷയാചിക്കുന്നവർ മുതൽ സ്വകാര്യ ജെറ്റിൽ പറന്നു ബിസിനസ് ചെയ്യുന്ന കോടീശ്വരൻമാരുടെ വരെ ലക്ഷ്യം പണമുണ്ടാക്കുക എന്നതാണ്. എത്രകിട്ടിയാലും മതിവരാത്ത വസ്തുവാണ് പണം, എന്നാൽ നിത്യജീവിതത്തിൽ അന്നന്നത്തെ വരുമാനമുണ്ടാക്കുന്നവർക്ക് പലപ്പോഴും നാളത്തെ കാര്യത്തെകുറിച്ചായിരിക്കും വേവലാതി. എന്നാൽ നമ്മുടെ ജീവിതത്തിൽ എത്ര ചെറിയ വരുമാനമായാൽ പോലും കൃത്യമായ ആസൂത്രണത്തോടെ ജീവിക്കാനായാൽ കഠിനമായി അദ്ധ്വാനിക്കുവാനുള്ള മനസും കൂട്ടിനുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കുവാനാവും. പണം സമ്പാദിക്കുന്നതിൽ കാട്ടുന്ന ശ്രദ്ധ അത് ചിലവഴിക്കുന്നതിലും, സൂക്ഷിച്ചുവയ്ക്കുന്നതിലും കാണിക്കേണ്ടതാണ്. പണം സമ്പാദിക്കുന്നതിനായി ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ, തീർച്ചയായും നിങ്ങൾക്ക് മികച്ച ഫലമുണ്ടാവും

money

ശമ്പളത്തിന്റെ എത്ര ശതമാനം സേവ് ചെയ്യണം
ശമ്പളമായി കിട്ടുന്ന തുകയുടെ കൃത്യമായ ഒരു വിഹിതം നമ്മുടെ നാളേയ്ക്കായി മാറ്റി വയ്ക്കണം. ശമ്പളമായി കിട്ടുന്ന തുകയുടെ ഇരുപത് മുതൽ മുപ്പത് ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കാം. ശമ്പളത്തിന്റെ കാൽ ഭാഗം നല്ല നാളേയ്ക്ക് എന്ന തീരുമാനം ഇന്നുതന്നെ മനസിലെടുക്കുക. ജോലി ലഭിക്കുന്ന സമയം നിങ്ങൾ വിവാഹ ജീവിതം ആരംഭിച്ചിട്ടില്ലെങ്കിൽ ശമ്പളത്തിന്റെ നാൽപ്പത് ശതമാനം വരെ ഒരു പക്ഷേ സേവ് ചെയ്യാനായേക്കും. ഇനി മാറ്റി വയ്ക്കുന്ന ഈ തുക എങ്ങനെ സേവ് ചെയ്യും എന്നതിലാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്നത്.

സേവ് ചെയ്യുന്ന രീതി
ശമ്പളത്തിന്റെ ബാക്കി തുക സേവിംഗ്സ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്നത് ഒരു നല്ല മാതൃകയല്ല. പലപ്പോഴും ഒരു മാസത്തിൽ അധികമായി നീക്കി വയ്ക്കുന്ന സേവിംഗ്സ് തൊട്ടടുത്ത മാസം തന്നെ ചെലവായി പോയ അനുഭവവും നിങ്ങൾക്കുണ്ടായേക്കാം. ഇത്തരം അനുഭവങ്ങളുള്ളവർ സേവിംഗ് അക്കൗണ്ടിലെ തുക പതിനായിരമോ അതിനുമുകളിലോയുള്ള ഒരു സംഖ്യയാവുമ്പോൾ അതേ ബാങ്കിൽ ഫിക്സഡ് ആയി ഇടാവുന്നത്. വീട്ടിലെ മുതിർന്ന അംഗങ്ങളുടെ പേരിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുവാനും കഴിയും. മിക്ക ബാങ്കുകളും അത്യാവശ്യഘട്ടങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ബ്രേക്ക് ചെയ്ത് പണം എടുക്കാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പലിശയിൽ ചെറിയ കുറവുണ്ടാവുമെന്ന് മാത്രം.

money

വരവറിഞ്ഞ് ചെലവാക്കണം

ശമ്പളം കിട്ടുമ്പോൾ തന്നെ അതുമായി ചെലവഴിക്കുവാൻ മാളിലോ ഓൺലൈൻ സൈറ്റുകളിലോ കയറുന്നവരാണ് ഇന്നത്തെ തലമുറ. ബ്രാൻഡുകളുടെ പിന്നാലെ പോയി കൂടുതൽ തുക ചെലവഴിക്കുന്നവരെ നിങ്ങൾ കണ്ടിരിക്കാം. പരസ്യത്തിലെ താരങ്ങൾ അണിയുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ അണിയാനായി മാത്രം വലിയ തുക ചിലവാക്കുന്നവരുമുണ്ട്. എന്നാൽ വരവറിഞ്ഞ് ചെലവാക്കിയാൽ കുറച്ചു രൂപ അവിടെ മിച്ചം പിടിക്കാനാവും എന്ന കാര്യം മറക്കരുത്

ജോലി നഷ്ടമായാൽ എങ്ങനെ ജീവിക്കും
ഒരിക്കലെങ്കിലും ഈ ചോദ്യം സ്വന്തം മനസിനോട് ചോദിക്കാത്തവരായി ആരും കാണില്ല. ജോലി നഷ്ടമായാൽ അടുത്ത വരുമാന മാർഗ്ഗം കണ്ടെത്താൻ ഒരു പക്ഷേ മാസങ്ങൾ വേണ്ടി വന്നേക്കാം. അങ്ങനെയൊരു സാഹചര്യത്തിൽ ആവശ്യങ്ങൾ നിറവേറ്റുവാനായി കുറച്ച് പണം കണ്ടെത്തിയേ മതിയാവു. ഇതിനായി ജോലിയുള്ളപ്പോൾ തന്നെ പണം സൂക്ഷിച്ചുവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

money

ടേക്ക് എ ബ്രേക്ക്

ഇപ്പോൾ നിൽക്കുന്ന മേഖലയിൽ നിന്നും എത്ര നാൾ കഴിഞ്ഞാലും വിചാരിക്കുന്ന രീതിയിൽ കാശ് സമ്പാദിക്കുവാനാവുന്നില്ലെങ്കിൽ ഒരു ബ്രേക് നൽകി പുറത്ത് പോവുക. പുതിയൊരു മേഖല കണ്ടെത്തി ജീവിക്കാൻ പഠിക്കുക.

money

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്....

ഈ പരസ്യം കേൾക്കാത്തവരായി ആരും ഉണ്ടാവില്ല, വീട്ടിലോ ബാങ്ക് ലോക്കറിലെയോ ഇരുൾ മുറിയിൽ ഉറങ്ങുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് നമ്മുടെ നാട്ടിലുള്ളത്. സ്വർണത്തെ ഒരു ആഭരണമായി കാണാതെ നിക്ഷേപമായി കാണുന്നവരും ഉണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ വീട്ടിലെ സ്വർണവും ബാങ്കിൽ ലോൺവച്ച് ആ തുക ബുദ്ധിപൂർവ്വം നിക്ഷേപിച്ചാൽ പണവും സുരക്ഷിതത്വവും ഒന്നിച്ചു ലഭിക്കും, ലോക്കർ ചാർജ്ജായി വെറുതെ കാശ് കളയുകയും വേണ്ട.

money

കണക്ക് വേണം വരവിനും ചെലവിനും

രാജ്യങ്ങൾ മാത്രമല്ല ഓരോ വ്യക്തികളും ബഡ്‌ജറ്റ് തയ്യാറാക്കണമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്. ഇതിനായി ഓരോ ദിവസത്തേയും ചെലവുകൾ കുറിച്ചു വയ്ക്കുക. വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്താനായി മൊബൈൽ ആപ്പുകളും ലഭ്യമാണ്.