-telangana-

മഹബൂബ്നഗർ (തെലങ്കാന): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലെ ശങ്കർപള്ളി ടൻഡ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി 28കാരനായ യുവാവിനോടൊപ്പം ഉണ്ടായിരുന്നതായി മനസിലായത്. ബുധനാഴ്ച കസ്റ്റഡിയിൽ എടുത്ത യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയെ കൊല ചെയ്ത കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഫോൺ നമ്പർ കൈമാറി. ദിവസേന ഇവർ ഫോൺ വിളി വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. കാണാതായ ദിവസം യുവാവ് പെൺകുട്ടിയെ, അവളുടെ വീടിന് ഒരുകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് കല്ലുകൊണ്ട് മർദ്ദിച്ച് അബോധവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൽ വീട്ടുകാരെ അറിയിക്കുമെന്ന് പെൺകുട്ടി അറിയിച്ചു. തുടർന്ന് കല്ലുകൊണ്ട് തലക്കടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.