കൊച്ചി: ഇത്തവണ സ്‌കൂളുകളിൽ ഓണാഘോഷത്തിന് ഡിജിറ്റൽ അത്തപൂക്കളങ്ങൾ ഒരുക്കാമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം. ഓണത്തിന്റെ മുഖ്യ ആകർഷണമായ പൂക്കളം കമ്പ്യൂട്ടറിൽ തയാറാക്കണമെന്ന നിർദ്ദേശം ഓണത്തിന്റെ ഐതിഹ്യങ്ങളെ തമസ്‌കരിക്കുന്നതാണെന്ന് ചില അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു. ഇത്തരത്തിൽ ഡിജിറ്റൽ പൂക്കളമൊരുക്കുന്നത് കൊണ്ട് കുട്ടികളുടെ പങ്കാളിത്തത്തിൽ വളരെയധികം കുറവുണ്ടാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ലളിതവും അതേസമയം, പ്രകൃതിയിലേക്കുള്ള ഒരു തിരനോട്ടമായും സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത്. വിദ്യാർത്ഥികൾക്ക് സാദാ പൂക്കളങ്ങൾക്കൊപ്പം ഡിജിറ്റൽ പൂക്കളങ്ങളും ഒരുക്കാം. ഡിജിറ്റൽ സംവിധാനം സ്കൂളുകളിൽ ലഭ്യമായ സ്ഥിതിക്കാണ് ഡിജിറ്റൽ പൂക്കളം ഒരുക്കലിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. സാദാ പൂക്കളമൊരുക്കേണ്ടത് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പൂക്കളുപയോഗിച്ച് വേണമെന്നും വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതിനൊപ്പമാണ് ഡിജിറ്റൽ പൂക്കളം ഒരുക്കുന്നതിന്റെ സാദ്ധ്യത കൂടി പരിഗണിക്കണമെന്ന് പറയുന്നത്.
പരീക്ഷകൾ കഴിഞ്ഞ് ഓണാവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസമാണ് സാധാരണ ഓണാഘോഷം സംഘടിപ്പിക്കാറുള്ളത്. പക്ഷേ, ഇത്തവണ വിനായക ചതുർത്ഥിയോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ ആഘോഷങ്ങൾ നടക്കുന്നതിനാൽ സെപ്തംബർ രണ്ടിലെ പരീക്ഷകൾ ആറിലേക്ക് മാറ്റി. രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും ഓണാഘോഷം നടത്താമെന്നാണ് നിർദേശം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് കൈറ്റാണ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കളങ്ങളുടെ നിർമാണത്തിനും പ്രദർശനത്തിനും അവസരം ഒരുക്കുന്നത്. ഒരു മണിക്കൂർ സമയം ഡിജിറ്റൽ പൂക്കള നിർമ്മാണത്തിന് അനുവദിക്കാവുന്നതാണെന്ന് കൈറ്റ്സ് നിർദേശിക്കുന്നു. ഇതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് മുൻകൂട്ടി തയാറാക്കും. ലാപ് ടോപ്പിന്റെ ലഭ്യതയ്ക്കനുസരിച്ച് ബാച്ചുകളായി എല്ലാവർക്കും അവസരം നൽകും. സ്വതന്ത്ര സോഫ്ട് വെയറിലാണ് പൂക്കളം തയാറാക്കേണ്ടത്. മികച്ച മൂന്ന് പൂക്കളങ്ങൾ അതത് വിദ്യാലയങ്ങളുടെ സ്കൂൾ വിക്കി പേജിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സെപ്റ്റംബർ മൂന്നിനകം അപ് ലോഡ് ചെയ്യണം. അതിനുശേഷം മുഴുവൻ സ്കൂളുകളുടേയും ഡിജിറ്രൽ പൂക്കളം എല്ലാവർക്കും കാണാനും വഴിയൊരുക്കും.
എന്നാൽ പരീക്ഷയ്ക്കിടയിലെ ആഘോഷങ്ങളോടും അദ്ധ്യാപകർക്ക് എതിർപ്പുണ്ട്. ഹയർ സെക്കൻഡറിയിൽ തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാൽ കുട്ടികളിൽ ഭൂരിപക്ഷവും വീട്ടിൽ പോകുമെന്നും അദ്ധ്യാപകർ പറയുന്നു.