ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരിൽ ജനങ്ങൾ മരിച്ചുവീഴുകയാണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ വാക്കുകൾ പാകിസ്ഥാൻ ഐക്യരാഷട്രസഭയിൽ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുകയും ചെയ്‌തു. രാഹുൽ ഗാന്ധി പാകിസ്ഥാന് ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാനുള്ള ആയുധം നൽകിയെന്ന കുറ്റപ്പെടുത്തലുമായി ബി.ജെ.പി നേതാക്കളും പിന്നാലെ രംഗത്തെത്തി. എന്നാൽ പാകിസ്ഥാൻ നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധിയുടെ മാത്രമല്ല ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സെയ്‌നിയും കാശ്മീരി സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളാണ് പാകിസ്ഥാൻ യു.എന്നിന് നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്നത്. വെളുത്ത തൊലിയുള്ള കാശ്‌മീരി സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിച്ചാൽ മുസ്ലീം പാർട്ടി പ്രവർത്തകർക്ക് സന്തോഷിക്കാമെന്ന് വിക്രം സെയ്നി പറയുന്ന വീഡിയോ ചൂണ്ടിക്കാട്ടി ലിംഗാധിഷ്ഠിത അക്രമം നടക്കുന്നെന്നാണ് കത്തിലൂടെ പാകിസ്ഥാൻ വിമർശിച്ചത്. ഇതിന് സമാനമായ ഒരു പ്രസ്താവന മനോഹർ ലാൽ ഖട്ടറും നടത്തിയെന്ന് പാകിസ്ഥാൻ കത്തിൽ പരാമർശിക്കുന്നു. കാശ്മീരിൽ നിന്ന് വധുക്കളെ കൊണ്ടുവരുമെന്നായിരുന്നു ഖട്ടറുടെ പ്രസ്താവന. ഇരു നേതാക്കളുടെയും പ്രസ്താവനയ്ക്കെതിരെ മുമ്പ് പ്രതിപക്ഷവും സാമൂഹ്യപ്രവർത്തകരും രംഗത്ത് വന്നിരുന്നു.