ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റിലായത് നല്ല വാർത്തയെന്ന് ഐ.എൻ.എക്സ് മീഡിയ സഹ സ്ഥാപകയും ഷീനബോറകേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖർജി പറഞ്ഞു. രക്ഷപ്പെടാൻ മാർഗമില്ലാതെ അദ്ദേഹം പെട്ടിരിക്കുകയാണെന്നും ഇന്ദ്രാണി മുഖർജി വ്യക്തമാക്കി. ഷീന ബോറാ കേസുമായി ബന്ധപ്പെട്ട് വിചാരണക്കാനായി സെഷൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രാണി മുഖർജിയുടെ പ്രതികരണം.
ഐ.എൻ.എക്‌സ് മീഡിയാ കേസിൽ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്. 2007ൽ ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്നാണ് ഐ.എൻ.എക്സ് മീഡിയ സ്ഥാപിച്ചത്. ഇവർക്ക് അനുവദനീയമായതിലും കൂടുതൽ വിദേശനിക്ഷേപം ലഭിക്കാൻ ചിദംബരം വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നാണ് കേസ്. ചിദംബരവും മകനും ഇന്ദ്രാണി മുഖർജിയിൽ നിന്നും പീറ്റർ മുഖർജിയിൽ നിന്നും നിയമവിരുദ്ധമായി പ്രതിഫലം പറ്റിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപ അനുമതി നൽകുന്നതിന് പകരമായി മകൻ കാർത്തി ചിദംബരത്തെ ബിസിനസിൽ സഹായിക്കാനും വിദേശ പണമയയ്ക്കാനും ചിദംബരം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ മൊഴി നൽകിയിരുന്നു. പി.ചിദംബരം ഇപ്പോൾ സി.ബി.ഐ കസ്റ്റഡിയിലാണ്. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.