കൊൽക്കത്ത: ഏറെ വിവാദമായ നാരദാ സ്‌റ്റിംഗ് ഓപ്പറേഷൻ കേസിൽ മൂന്ന് തൃണമൂൽ എം.പിമാർക്കെതിരെ കേസെടുക്കാൻ സി.ബി.ഐ. ഇതുമായി ബന്ധപ്പെട്ട് എം.പിമാരെ ചോദ്യം ചെയ്യുന്നതിനായുള്ള അനുമതിക്കായി ലോക്‌സഭാ സ്പീക്കർക്ക് സി.ബി.ഐ കത്ത് നൽകി. തൃണമൂൽ എം.പിമാരായ സൗഗത റോയ്, കകോലി ഘോഷ് ദസ്‌തിദാർ, പ്രസൂൺ ബാനർജി എന്നിരെ ചോദ്യം ചെയ്യുന്നതിനായാണ് സ്പീക്കർ ഓം ബിർളയോട് സി.ബി.ഐ അനുമതി തേടിയിരിക്കുന്നത്. എന്നാൽ മമതയുടെ വിശ്വസ്‌തനായിരുന്ന മുകുൾ റോയിയുടെ പേര് സി.ബി.ഐ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ അന്വേഷണം നേരിട്ടിരുന്ന മുകുൾ റോയി 2017ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
2014നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടാകുന്നത്. നാരദാ ന്യൂസ് സി.ഇ.ഒ ആയ മാത്യു സാമുവലിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌റ്റിംഗ് ഓപ്പറേഷനിലാണ് തൃണമൂൽ കോൺഗ്രസ് എംപിമാരുടെയും മന്ത്രിമാരുടെയും അഴിമതി വിവരങ്ങൾ പുറത്തായത്. തൃണമൂൽ കോൺഗ്രസ് എംപിമാരും മന്ത്രിമാരും അഴിമതിപ്പണം വാങ്ങുന്ന ദൃശ്യങ്ങൾ ദേശീയരാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണയിക്കുന്ന വെളിപ്പെടുത്തലായിരുന്നു. ഒരു കമ്പനിയുടെ പ്രതിനിധികളാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മാദ്ധ്യമപ്രവർത്തകർ, വിവിധ പദ്ധതികൾക്കായി തൃണമൂൽ എം.പിമാരിൽ നിന്നും മന്ത്രിമാരിൽ നിന്നും അഴിമതിപ്പണം വാങ്ങുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ ടേപ്പുകൾ പുറത്തുവിട്ടത്.
ലോക്‌സഭാ എംപിമാരായ സൗഗത റോയ്, അപാരുപ പൊദ്ദാർ, സുൽത്താൻ അഹമ്മദ്, പ്രസുൺ ബാനർജി, കാകോലി ഘോഷ് ദസ്‌തിദർ, ഗതാഗത മന്ത്രി സുവേന്ദു അധികാരി, പരിസ്ഥിതി മന്ത്രി സോവാൻ ചാറ്റർജി, പഞ്ചായത്ത്ഗ്രാമവികസനമന്ത്രി സുബ്രദ മുഖർജി തുടങ്ങിയ നേതാക്കളാണ് കേസിൽ സി.ബി.ഐയുടെ പ്രതിപ്പട്ടികകയിലുള്ളത്. മുൻമന്ത്രി മദൻ മിത്ര, എം.എൽ.എ ഇക്ബാൽ അഹമ്മദ്, ഐ.പി.എസ് ഓഫീസർ സയ്യദ് മുസ്തഫ ഹുസൈൻ മിശ്ര എന്നിവരും കുറ്റാരോപിതരാണ്.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തൃണമൂൽ നേതാക്കളെ കുടുക്കിയതാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ദൃശ്യങ്ങൾ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ഓഫീസിൽ നിന്നാണ് അപ്‌ലോഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ കോടതി അന്വേഷണം നിർത്തിവെപ്പിച്ചു. ദൃശ്യങ്ങളിലുള്ളത് തിരഞ്ഞെടുപ്പ് സംഭാവന വാങ്ങുന്ന ചിത്രമാണ്. അതിനെ കൈക്കൂലിയായി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു എന്നുമാണ് മമതയുടെ ആരോപണം.