rajnath-

ലേ: കാശ്മീരിനെയോർത്ത് കണ്ണീരൊഴുക്കാൻ, കാശ്മീർ എന്നാണ് പാകിസ്ഥാന്റെയായതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ''കാശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഇന്ത്യയുടേതായിരുന്നു. പാകിസ്ഥാൻ രൂപീകൃതമായതുമുതൽ അവരോട് ബഹുമാനമാണ്. അവരുമായി ഇന്ത്യയ്ക്ക് നല്ല അയൽപക്ക സൗഹൃദമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, പാകിസ്ഥാൻ ആദ്യം ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്ന പരിപാടി നിറുത്തണം" രാജ്നാഥ് സിംഗ് പറഞ്ഞു. ലഡാക്കിലെ ലേയിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ പാകിസ്ഥാൻ സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ ചുട്ടമറുപടി. ജമ്മു കാശ്മീർ സംസ്ഥാനത്തെ ജമ്മുകാശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചശേഷം ആദ്യമായാണ് രാജ്നാഥ് സിംഗ് ഇവിടം സന്ദർശിക്കുന്നത്.

കാശ്മീർ വിഷയത്തിൽ ഒരു രാജ്യവും പാകിസ്ഥാനൊപ്പം നിൽക്കില്ല. പാക് അധീന കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കണം. "- രാജ്നാഥ് സിംഗ് പറഞ്ഞു. കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനുള്ള പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളും പാളിയിരുന്നു. യു.എൻ രക്ഷാസമിതിയിലും പ്രശ്നം അവതരിപ്പിച്ചെങ്കിലും, കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഉഭയകക്ഷി പ്രശ്നമാണെന്നുമുള്ള ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷ നിലപാട്. അതേസമയം, അടുത്തമാസം യു.എൻ പൊതുസഭയിലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിഷയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.