റിയാദ്: സൗദിയിൽ നബിയുടേതെന്ന് കരുതിയ കാൽപാദ അടയാളം അധികൃതർ പൊളിച്ചുനീക്കി. സൗദി അറേബ്യയിലെ യാമ്പുവിൽ അൽ ജാബിരിയയിലെ മലയിലാണ് നബിയുടെ കാൽപാദ അടയാളമുണ്ടായിരുന്നത്. നിരവധിപേർ അനുഗ്രഹം തേടിയെത്തിയിരുന്ന കാൽപാദ അടയാളമാണ് അധികൃതർ പൊളിച്ചുനീക്കിയത്. ഏഷ്യക്കാരായ നിരവധിപ്പേർ ഇവിടെ പ്രാർത്ഥനകൾ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു. മലയിലുണ്ടായിരുന്ന കാൽപാദം പ്രവാചകൻ മുഹമ്മദ് നബിയുടേതാണ് എന്നായിരുന്നു ഇവിടെയെത്തിയിരുന്നവർ വാദിച്ചിരുന്നത്.
അതേസമയം, കാൽപാദ അടയാളം നബിയുടേതല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് അധികൃതർ ഈ അടയാളം പൊളിച്ചു നീക്കിയതെന്നാണ് റിപ്പോർട്ട്. ഈ സ്ഥലത്ത് അനുഗ്രഹം തേടിയും പ്രാർത്ഥനകൾ നടത്താനും നിരവധിപ്പേർ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സൗദി ഭരണകൂടം വിഷയത്തിൽ ഇടപെട്ടത്. സ്ഥലം പരിശോധിക്കാനും ആവശ്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കാനും വിവിധ വകുപ്പുകളിലുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി. ഈ സമിതിയുടെ പരിശോധനയിൽ ഇത് കോൺക്രീറ്റിൽ പതിഞ്ഞ കാൽപാദമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഇത് പൊളിച്ച് നീക്കുകയായിരുന്നു.