indrani-

മുംബയ്: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ പി.ചിദംബരം അറസ്റ്റിലായത് ''നല്ല വാർത്ത"യാണെന്ന് കേസിൽ മാപ്പു സാക്ഷിയായ ഇന്ദ്രാണി മുഖർജി. ഇന്നലെ മുംബയ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്ദ്രാണിയുടെ പ്രതികരണം. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ഇപ്പോൾ മുംബയിലെ ബൈക്കുള ജയിലിൽ വിചാരണത്തടവിൽ കഴിയുകയാണ്. 2015ലാണ് മകൾ ഷീനാ ബോറയെ കൊലപ്പെടുത്തിയതിന് ഇന്ദ്രാണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

2007ൽ ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്നാണ് ഐ.എൻ.എക്‌സ് മീഡിയ സ്ഥാപിച്ചത്. ഐ.എൻ.എക്സ് മീഡിയ വിദേശ നിക്ഷേപം കൊണ്ടുവന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിൽ ആദായനികുതി വകുപ്പ്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സി.ബി.ഐ എന്നീ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഈ വർഷമാദ്യം ഇന്ദ്രാണി, കേസിൽ മാപ്പുസാക്ഷിയായി. 4.62 കോടി രൂപയുടെ കൂടെ 305 കോടി രൂപ കൂടി അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീർക്കാൻ കാർത്തി 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു എന്നാണ് അവർ പറഞ്ഞത്. 2008 ൽ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടെന്നും ഇന്ദ്രാണി വെളിപ്പെടുത്തി. കേസിൽ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്.