ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം അനുദിനം വഷളാവുന്ന വേളയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലേക്ക് സന്ദർശനം നടത്തുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സെപ്തംബർ പതിനേഴിന് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് ഒരു ആഴ്ച മാത്രം ശേഷിക്കവേയാണ് ഇന്ത്യൻ മണ്ണിൽ ബെഞ്ചമിൻ നെതന്യാഹു കാലുകുത്തുന്നത് എന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിനുണ്ട്. കേവലം ഒരു ദിവസത്തെ ഹൃസ്വ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങൾ അതീവ നിർണായകമായിരിക്കവേ ബെഞ്ചമിൻ നെതന്യാഹു ഇങ്ങനെ ഒരു വിദേശ പര്യടനത്തിന് ഇറങ്ങിപുറപ്പെടുന്നതിന്റെ പിന്നിലെ കാരണം തേടുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
നരേന്ദ്ര മോദി അധികാരമേറ്റതുമുതൽ ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തിൽ വൻ മുന്നേറ്റമാണുണ്ടായത്. മോദി ഭരണകാലത്തിനു മുൻപും ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ അവാക്സ് ഉൾപ്പടെയുള്ള ആയുധങ്ങൾ ഇസ്രായേൽ കൈമാറിയിരുന്നെങ്കിലും അന്താരാഷ്ട്ര വേദികളിലടക്കം ഇസ്രായേലിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിൽ ഇന്ത്യ മടിച്ചിരുന്നു. യു.എൻ പൊതു സഭയിൽ ഇസ്രായേൽ പാലസ്തീൻ പ്രശ്നം കൊടുമ്പിരിക്കൊള്ളുമ്പോൾ വോട്ടിംഗിൽ നിന്നും വിട്ടുനിൽക്കുന്ന പതിവ് ഇന്ത്യൻ രീതിക്ക് കഴിഞ്ഞ തവണ മാറ്റം വന്നിരുന്നു. കഴിഞ്ഞ ജൂണിൽ യുൻ പൊതുസഭയിൽ പാലസ്തീനെതിരെ ഇസ്രായേൽ കൊണ്ടുവന്ന പ്രമേയത്തിൽ പാലസ്തീനെതിരെ ഇന്ത്യ വോട്ടുചെയ്തിരുന്നു. ഈ സംഭവം ഇസ്രായേലിൽ വൻ നേട്ടമാക്കി മാറ്റുകയാണ് ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന് അനുകൂലമായി ഇന്ത്യയുടെ മനസുമാറ്റത്തിന് പിന്നിൽ താനാണെന്ന് അവിടത്തെ ജനത മനസിലാക്കിയത് തിരഞ്ഞെടുപ്പിൽ നേട്ടമായി കാണുകയാണ് അദ്ദഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുമായി ഹസ്തദാനം ചെയ്യുന്ന തന്റെ ഫോട്ടോ വ്യാപകമായി ഉപയോഗിക്കാനും ബെഞ്ചമിൻ നെതന്യാഹുവിന്റെ അനുയായികൾ ശ്രദ്ധ നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ത്യയിലേക്കുള്ള സന്ദർശനം ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം മറ്റൊരു തിരിഞ്ഞെടുപ്പ് പ്രചാരണമാണ്. ചേരി ചേരാ നയം സ്വീകരിച്ച് ദശാബ്ദക്കാലം തങ്ങളെ ഗൗനിക്കാതിരുന്ന ലോകത്തെ വലിയ ജനാധിപത്യ രാജ്യത്തെ സൗഹൃദ രാജ്യമാക്കി മാറ്റിയതിന് കിട്ടുന്ന വോട്ടുകളുടെ മൂല്യം എത്ര വലുതാണെന്ന് ഇസ്രായേലിന് നന്നായി അറിയാം.
ഇന്ത്യയും കാത്തിരിക്കുന്നു ബെഞ്ചമിൻ നെതന്യാഹുവിനെ
ഒരു ദിവസത്തെ സന്ദർശനത്തിനെത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെ കാത്തിരിക്കുകയാണ് ഇന്ത്യ. ഇസ്രായേലിൽ നിന്നും തന്ത്രപ്രധാനമായ ആയുധങ്ങൾ കരസ്ഥമാക്കുന്നതിനുള്ള സുവർണാവസരമായിട്ടാണ് ഇന്ത്യ ഈ സന്ദർശനത്തെ കാണുന്നത്. അടുത്ത സുഹൃത്തുമായി ചർച്ച നടത്തുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിക്കും. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റംസ് അവാക്സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇരനേതാക്കളും ചർച്ചകൾ നടത്തും.