soya-factor-trailer

ദുൽഖർ സൽമാനും സോനം കപൂറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ദി സോയ ഫാക്‌ടറിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടനായി ദുൽഖർ എത്തുമ്പോൾ 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ സോനവും അവതരിപ്പിക്കുന്നു. ദുൽഖറും സോനവും തമ്മിലുള്ള പ്രണയവും, സോനം അവതരിപ്പിക്കുന്ന സോയ സൊളാങ്കി ഇന്ത്യൻ ടീമിന്റെ ഭാഗ്യതാരമായി മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

പ്രണയവും ഹാസ്യവും എല്ലാം സമ്മിശ്രമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ സിക്‌സ് പാക്ക് ഗെറ്റപ്പിലെത്തി ദുൽഖർ ഞെട്ടിക്കുന്നുണ്ട്. 2008ൽ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദി സോയ ഫാക്ടർ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രദ്യുമ്നൻ സിംഗ് ആണ് തിരക്കഥ. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്‌തംബർ 20ന് തിയേറ്ററുകളിലെത്തും.