ഇസ്ലാമബാദ്: ഭൂതല ബാലിസ്റ്റിക് മിസൈൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. 290 കി.മി ദൂരംവരെ സഞ്ചരിക്കാവുന്ന ആണവായുധം വഹിക്കാൻ ശേഷിയുള്ള ഗസ്‌നാവി മിസൈലാണ് ബുധനാഴ്ച രാത്രിയോടുകൂടി ബലൂചിസ്ഥാനിൽ പരീക്ഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകുമെന്ന് പാക് റെയിൽവേ മന്ത്രി പറഞ്ഞതിനു പിന്നാലെയാണ് പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം. മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും പാകിസ്ഥാൻ പുറത്തുവിട്ടു. പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 31 വരെ പാകിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താത്കാലികമായി അടച്ചിടുമെന്ന് പാകിസ്ഥാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബുധനാഴ്ച ഇതു സംബന്ധിച്ചു വൈമാനികർക്കുള്ള നിർദേശവും പുറത്തിറങ്ങിയതായി ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്കുള്ള വ്യോമപാതയും അഫ്ഗാനിസ്ഥാനിലേക്കു കര മാർഗമുള്ള വ്യാപാരപാതയും പാകിസ്ഥാൻ അടച്ചേക്കുമെന്നും ഇക്കാര്യം പാക് മന്ത്രിസഭയുടെ ചർച്ചയിലാണെന്നും പാക് മന്ത്രി ഫവാദ് ചൗധരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തുന്ന തുടർച്ചയായ പ്രതികാര നടപടികൾക്ക് പിന്നാലെയാണ് മിസൈൽ പരീക്ഷണവും. ഇക്കഴിഞ്ഞ മേയിലും പാകിസ്ഥാൻ, ഷഹീൻ-2 എന്ന ഭൂതല ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് വിജയിച്ചിരുന്നു.
ഗസ്‌നാവി മദ്ധ്യദൂര ഹൈപർസോണിക് മിസൈൽ നിർമ്മാണം: പാകിസ്ഥാനിലെ നാഷണൽ ഡെവലപ്മെന്റ് കോംപ്ലക്സ് ഔദ്യോഗിക നാമം: ഹത്ഫ് 3 ഗസ്‌നാവി അർത്ഥം: അതീവമാരകമായ എന്നും പ്രതികാരം ചെയ്യൽ