ഗുജറാത്തിലെ കച്ചിൽ അതീവ ജാഗ്രത
ന്യൂഡൽഹി : കാശ്‌മീരിന്റെ പേരിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, വമ്പൻ ആക്രമണങ്ങൾ നടത്താൻ പരിശീലനം ലഭിച്ച പാകിസ്ഥാൻ കമാൻഡോകളും ഭീകരരും ഗുജറാത്തിലെ കച്ച് മേഖലയിലൂടെ ഇന്ത്യയിലേക്കു കടക്കാമെന്നും കടലിനടിയിലൂടെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.
ഇതേതുടർന്ന് കച്ച് മേഖലയിലെ കണ്ട്‌ല ( ദീൻദയാൽ ), മുന്ദ്ര തുറമുഖങ്ങൾക്കും റിഫൈനറികൾ ഉൾപ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും സുരക്ഷ കർശനമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് അദാനി ഗ്രൂപ്പിന്റെ മുന്ദ്ര പോർട്ട്.
കച്ച് ജില്ലയിലെ ഇൻഡോ - പാക് അതിർത്തിയിലെ ഹരാമി നാല ക്രീക്ക് പ്രദേശം വഴിയായിരിക്കും നുഴഞ്ഞുകയറ്റം എന്നാണ് റിപ്പോർട്ട്. ഈ സ്ഥലത്ത് പാകിസ്ഥാന്റെ രണ്ട് സിംഗിൾ എൻജിൻ ബോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ നിഗമനത്തിന് അടിസ്ഥാനം. പാക് ഭീകരർ വന്നതാകാമെന്ന് കരുതുന്ന ഈ ബോട്ടുകളെ പറ്റി ബി. എസ്. എഫ് അന്വേഷണം നടത്തുന്നുണ്ട്.
കടലിൽ അസാധാരണ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മറൈൻ പൊലീസിനെയോ കോസ്റ്റ് ഗാർഡിനെയോ അറിയിക്കാൻ തുറമുഖങ്ങൾ കപ്പലുകൾക്കും ഷിപ്പിംഗ് ഏജൻസികൾക്കും നിർദ്ദേശം നൽകി. സഞ്ചരിക്കുന്നതും നങ്കൂരമിട്ടിട്ടുള്ളതുമായ കപ്പലുകളെല്ലാം ഭീകരാക്രമണത്തിനെതിരെ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
പാക് ഭീകര സംഘടനായ ജയ്‌ഷെ മുഹമ്മദ് സമുദ്രത്തിന് അടിയിലൂടെ ആക്രമണം നടത്താൻ സംഘത്തിലുള്ളവർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആഴക്കടലിൽ ഡൈവിംഗ് പരിശീലനം നൽകിയ ഭീകരരെ ഉപയോഗിച്ച് നാവിക സേനയുടെ യുദ്ധക്കപ്പലുകൾ തകർക്കാൻ ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നേരത്തേയും റിപ്പോർട്ടുണ്ടായിരുന്നു.
സമുദ്രമാർഗ്ഗം എത്തുന്ന ഭീകരർ ഗുജറാത്തിൽ ആക്രമണങ്ങൾ നടത്തുന്നതിന് പുറമേ വർഗ്ഗീയ സംഘർഷം സൃഷ്‌ടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുൻപ് ഈ മേഖലയിൽ രണ്ട് പാക് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. മേയിൽ ഒരു പാക് മത്സ്യബന്ധന ബോട്ട് ബി.എസ്.എഫ് പിടിച്ചെടുത്തെങ്കിലും ഉടമസ്ഥർ ഓടി രക്ഷപ്പെട്ടിരുന്നു. ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്ന് പാക് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആക്രമണ നിഴലിൽ
അദാനി ഗ്രൂപ്പിന്റെ മുന്ദ്ര തുറമുഖം
സർക്കാരിന്റെ കണ്ട്‌ല തുറമുഖം
രണ്ടും പാകിസ്ഥാനോട് വളരെ അടുത്ത്
ജാംനഗറിലെ റിലയൻസ് റിഫൈനറി
വാഡിനറിലെ റഷ്യൻ കമ്പനി റോസ്‌നെഫ്‌റ്റിന്റെ റിഫൈനറി