വാഷിംഗ്ടൺ: ഇമ്രാൻ ഖാനെ പാകിസ്ഥാൻ പ്രധാനമന്ത്രി കസേരയിലേക്ക് എത്തിച്ചതിന് പിന്നിൽ സൈന്യമാണെന്ന് യു.എസ് കോൺഗ്രസ് സമിതി റിപ്പോർട്ട്. ഇമ്രാൻ ഖാൻ സർക്കാരിന് മേൽ സൈന്യത്തിന്റെ സ്വാധീനം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയാണെങ്കിലും വിദേശനയത്തിലും ദേശീയ സുരക്ഷാനയത്തിലും സൈന്യം സ്വാധീനം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 'പാകിസ്ഥാൻ ഡൊമസ്റ്റിക് പൊളിറ്റിക്കൽ സെറ്റിംഗ്' എന്ന കോൺഗ്രസ് റിസർച്ച് സർവീസ്( സി.ആർ.എസ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് പാകിസ്ഥാനിലെ രാഷ്ട്രീയത്തെപ്പറ്റിയുള്ള പരാമർശമുള്ളത്.
രാഷ്ട്രീയത്തിൽ യാതൊരുവിധ പരിചയ സമ്പത്തുമില്ലാതെയാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി കസേരയിലേക്കെത്തിയത്. അതിനാൽത്തന്നെ പാകിസ്ഥാനിൽ നടന്ന അവസാനത്തെ പൊതു തിരഞ്ഞെടുപ്പിൽ സൈന്യവും നീതിന്യായ സംവിധാനവും അടങ്ങിയ കൂട്ടുകെട്ട് സ്വാധീനം ചെലുത്തിയതായി സംശയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരിഫിനെ പുറത്താക്കിയതിനും അദ്ദേഹത്തിന്റെ പാർട്ടിയെ തളർത്തിയതിനും പിന്നിൽ ഈ കൂട്ടുകെട്ടാണെന്ന സംശയവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തീവ്രവാദ പ്രസ്ഥാനങ്ങൾ നിരോധിച്ചെങ്കിലും അവയുമായി ബന്ധമുള്ള സംഘടകൾ പാകിസ്ഥാനിൽ തീവ്രവാദം ശക്തിപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.