india

ന്യൂഡൽഹി: പാകിസ്ഥാന്റെ നേതാക്കളിൽ നിന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ ഉണ്ടാകുന്നതിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തിലെ കച്ച് വഴി പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക് നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഏത് തരത്തിലുമുള്ള സാഹചര്യവും നേരിടാൻ ഇന്ത്യൻ സുരക്ഷാസേന സജ്ജമാണെന്നും രവീഷ് കുമാർ അറിയിച്ചു.ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമായി വരികയാണെന്നും ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കിന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ജമ്മു കാശ്മീരിൽ 50,000 പേർക്ക് സർക്കാർ തൊഴിൽ ലഭിക്കുമെന്നും കാശ്മീരിലെ പ്രധാന കാർഷിക വിളയായ ആപ്പിളിന് താങ്ങുവില നൽകുമെന്നും ജമ്മു കാശ്‌മീർ ഗവർണർ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിലെ 10 ജില്ലകളിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ജമ്മുവിലും ലഡാക്കിലും ലാൻഡ്‌ലൈൻ ഫോണുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.