കാവേരിക്കും പോഷകനദിയായ കൊല്ലിടം നദിക്കും മധ്യേയുളള പവിത്രമായ ശ്രീരംഗം ദ്വീപിലാണ് രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിത്യപൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലുപ്പം കൊണ്ട് ലോകത്തിൽ ഒന്നാം സ്ഥാനമുളള മഹാക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരമുളള ക്ഷേത്രം....ഭൂലോക വൈകുണ്ഠമെന്നറിയപ്പെടുന്ന തീർത്ഥാടനയിടം, സാക്ഷാൽ വൈകുണ്ഠവും സമുദ്രത്തിനടിയിലെ സാങ്കൽപിക ക്ഷേത്രവും കഴിഞ്ഞാൽ ഭൂമിയിൽ ഒന്നാമതായി കരുതുന്ന പുണ്യ സ്ഥലമാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം.
ക്ഷേത്ര ചാരുത
മൊത്തം ഏഴു പ്രാകാരങ്ങളാണ് (ചുറ്റമ്പല വീഥികൾ) രംഗനാഥ സ്വാമി ക്ഷേത്രത്തിനുള്ളത്. ഏറ്റവും പുറമേയുളള മൂന്ന് പ്രാകാരങ്ങളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ബ്രാഹ്മണർ താമസിക്കുന്ന അഗ്രഹാരങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, പൂജാ പുഷ്പക്കടകൾ തുടങ്ങിയവയാണ്. ബാക്കിയുളള നാലു പ്രകാരങ്ങളിലായിട്ടാണ് ക്ഷേത്ര സമുച്ചയം. ആകെ 156 ഏക്കറിലാണ് (6,31,000 സ്‌ക്വയർ മീറ്റർ) ക്ഷേത്രവും പരിസരവും വ്യാപിച്ചു കിടക്കുന്നത്. 21 ഗോപുരങ്ങളാണ് ആകെയുള്ളത്. തെക്കേ കവാടത്തിലെ രാജഗോപുരമാണ് ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം (236 അടി). നാലാം പ്രകാരത്തിൽ ഒരു വ്യൂ പോയിന്റുണ്ട്. അതിന്റെ മുകളിൽ നിന്നു നോക്കിയാൽ ഗോപുരങ്ങളുടെ വിശാലമായ കാഴ്ച ലഭിക്കും. മറ്റ് ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി തെക്കോട്ടാണ് ഇവിടുത്തെ ശ്രീകോവിലിലെ ദർശനം.
ശ്രീരംഗ നാഥന്റെ ഐതിഹ്യം ഇങ്ങനെ
ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം ത്രേതായുഗത്തിൽ ശ്രീരാമന്റെ കൈയിലെത്തി. ശ്രീരാമൻ രാവണനിഗ്രഹത്തിനു ശേഷം ആ വിഗ്രഹം വിഭീഷണനു നൽകി. ലങ്കയിലേക്കുളള യാത്രയ്ക്കിടയിൽ ശ്രീരംഗത്തെത്തിയപ്പോൾ വിഭീഷണൻ വിഗ്രഹം കാവേരിക്കടുത്തുളള ചന്ദ്രപുഷ്‌കരണിയുടെ തീരത്തു വച്ചു. വിഷ്ണു ഭക്തനായ ചോളരാജാവ് ധർമവർമ രാജാവിന്റെ രാജ്യമായിരുന്നു അത്. മടങ്ങാൻ നേരം വിഭീഷണൻ വിഗ്രഹം ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അത് അവിടെ ഉറച്ചു പോയിരുന്നു. കാവേരിയുടെ തീരത്ത് ധർമ വർമന്റെ രാജ്യത്ത് കഴിയാനാണ് തനിക്കിഷ്ടമെന്ന് ഭഗവാൻ അരുളിച്ചെയ്‌തത്രേ. ഇവിടെയിരുന്നുകൊണ്ട് തെക്കോട്ട് ലങ്കയില്ക്കു നോക്കി, പരിപാലിച്ചു കൊളളാമെന്നും ഭഗവാൻ പറഞ്ഞു. അങ്ങനെയാണ് വിഗ്രഹം തെക്കോട്ട് ദർശനമായത്. കാലാന്തരത്തിൽ വിഗ്രഹം വച്ചിരുന്ന സ്ഥലം കാടു പിടിച്ചു പോയി. പിന്നീട് ഒരു തത്തയെ പിന്തുടർന്നു വന്ന ചോള രാജാവ് അതു കണ്ടു പിടിക്കുകയും അവിടെ രംഗനാഥസ്വാമി ക്ഷേത്രം പടുത്തുയർത്തുകയും ചെയ്തു.
പുലർച്ചെയുള്ള വിശ്വരൂപദർശനമാണ് ഏറ്റവും വിശിഷ്‌ടം. നാൻമുഖൻ കവാടം കടന്ന് നാലാമത്തെ പ്രാകാരത്തിലെത്തുമ്പോൾ ഇടതു വശത്തായി വേണുഗോപാല സന്നിധിയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ശിൽപങ്ങളും ചുവർചിത്രങ്ങളും ഇവിടെ കാണാം. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും വിലപിടിപ്പുളള സ്വത്തുളള ശ്രീരംഗം ക്ഷേത്രം അതീവ സുരക്ഷയോടെയാണ് കാത്തു സൂക്ഷിക്കപ്പെടുന്നത്.
അവിശ്വസനീയമായ ചില കാര്യങ്ങൾ
1999 മേയ് 31ന് ബി.ബി.സി ഒരു കാര്യം റിപ്പോർട്ട് ചെയ്‌തു. തമിഴ് പുലികളെ അമർച്ച ചെയ്യാൻ ശ്രീലങ്കൻ സർക്കാരിന് കഴിയാത്തത് ശ്രീംരംഗനാഥൻ ശ്രീലങ്കയെ വീക്ഷിക്കുന്നത് കൊണ്ടാണെന്ന്. നൂറ്റാണ്ടുകളായി ഈ ദൈവത്തിന്റെ ദൃഷ്‌ടി ശ്രീലങ്കയ്‌ക്ക് ശുഭകരമായിരുന്നുവത്രേ. എന്നാൽ 1983ൽ ഈ ശുഭവീക്ഷണം മറയ്‌ക്കത്തക്ക വിധം അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആർ ഉയരത്തിൽ ഒരു കെട്ടിടം പണിതു. അന്നുമുതൽ ശ്രീലങ്കയിൽ സമാധാനം ഉണ്ടായിട്ടില്ലത്രേ.