2008 വർഷം കോമിക് ബുക്ക് സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. 2008 ജൂലായിലാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രമായ 'ദ ഡാർക്ക് നൈറ്റ്' റിലീസ് ചെയ്യുന്നത്. ഡാർക്ക് നൈറ്റിലെ നായകൻ കുറ്റകൃത്യത്തിനെതിരെ പോരാടുന്ന ബാറ്റ്മാൻ ആണെങ്കിലും കൈയടി മുഴുവൻ നേടിയത് ബാറ്റ്‌മാന്റെ വില്ലനായി എത്തിയ ജോക്കറാണ്.
അന്തരിച്ച നടൻ ഹീത്ത് ലെഡ്ജരാണ് തിരശീലയിൽ ജോക്കറായി എത്തിയത്. ഈ ഒരൊറ്റ കഥാപാത്രം മാത്രം കാരണം ലോകമാകെ ആയിരക്കണക്കിന് ആരാധകരെയാണ് ഹീത്ത് നേടിയെടുത്തത്. എന്നാൽ തന്റെ പ്രകടനം സിനിമാ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുവാങ്ങിയത് കാണാനുള്ള ഭാഗ്യം ഹീത്തിന് ഉണ്ടായില്ല. സിനിമ റിലീസായി ഏതാനും ദിവസങ്ങൾക്കുളിൽ ഹീത്ത് മരണമടഞ്ഞു. ഡ്രഗ് ഓവർഡോസായിരുന്നു മരണകാരണം. തന്റെ പ്രകടനത്തിനുള്ള ഓസ്കാർ അവാർഡ് മരണാന്തര ബഹുമതിയായാണ് ഈ മഹാനടന് ലഭിച്ചത്.
'സൂയിസൈഡ് സ്‌ക്വാഡ്' എന്ന ചിത്രത്തിൽ ജോക്കറായി ജാരഡ് ലെറ്റോ എന്ന നടൻ എത്തിയിരുന്നുവെങ്കിലും ഹീത്ത് ലെഡ്ജറുടെ ജോക്കറിന്റെ ഏഴയലത്ത് പോലും ഏത്താൻ ഈ ജോക്കറിന് ആയില്ല. ഏതായാലും ഇതേ കഥാപാത്രവുമായി വീണ്ടും എത്തുകയാണ് ഹോളിവുഡ്. അതുല്യ നടൻ വാക്വിൻ ഫീനിക്‌സാണ് ജോക്കറുടെ കഥാപാത്രം ഇത്തവണ കൈകാര്യം ചെയ്യുന്നത്.
ഗ്ലാഡിയേറ്റർ, ദ മാസ്റ്റർ, ഇൻഹെറെന്റ് വൈസ് എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയസിദ്ധി പലതവണ തെളിയിച്ചയാളാണ് മൂന്നുതവണ ഓസ്‌കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വാക്വിൻ ഫീനിക്സ്. ക്രൂരവും ദയയില്ലാത്തതുമായ സമൂഹത്തിലേക്ക് എടുത്തെറിയപ്പെടുന്ന കൊമേഡിയനായ ഒരു പാവം മനുഷ്യൻ അതിക്രൂരനും ഭീകരനുമായ 'ജോക്കർ' എന്ന കൊടുംവില്ലനായി മാറുന്നതാണ് സിനിമയുടെ കഥ.
ട്രെയിലറിൽ കാണാനാകുന്ന വാക്വിനിന്റെ ഗംഭീര പ്രകടനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും നല്ല ജോക്കറായിരിക്കും വാക്വിനിന്റേത് എന്നാണ് ട്രെയിലർ കണ്ടവർ പറയുന്നത്. ഏതായാലും ചിത്രത്തിന്റെ ഫൈനൽ ട്രെയിലർ കൂടി വന്നതോടെ ആകാംഷ അടക്കാനാകാത്ത അവസ്ഥയിലാണ് സിനിമാപ്രേമികൾ. ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ നാലിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫൈനൽ ട്രെയിലർ കാണാം.