കൊച്ചി: ദക്ഷിണേന്ത്യൻ സ്‌മാർട്ഫോൺ ബ്രാൻഡായ എംഫോൺ നേപ്പാൾ വിപണിയിലും സാന്നിദ്ധ്യമറിയിക്കുന്നു. നേപ്പാളിന്റെ നിർമ്മാണ-വ്യാവസായിക മേഖലയിലും എംഫോൺ ചുവടുറപ്പിക്കും. നേപ്പാൾ സർക്കാരിന്റെ സഹകരണത്തോടെയാണ് എംഫോൺ നിർമ്മാണശാല ആരംഭിക്കുന്നത്. ഇതുവഴി, നേപ്പാൾ വിപണിയിൽ ഉയർന്ന ഇറക്കുമതി ചുങ്കത്തിന്റെ ഭാരമില്ലാതെ ആകർഷകമായ വിലയ്ക്ക് ഫോണുകൾ വിറ്റഴിക്കാനാകും.
സെപ്‌തംബർ മദ്ധ്യത്തോടെ ഫാക്‌ടറി സജ്ജമാകും. പ്രതിദിനം 35,000 ഫോണുകൾ ഇവിടെ നിർമ്മിക്കാനാകും. മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന് പിന്തുണയുമായി നോയിഡയിലും ഫാക്‌ടറി സജ്ജമാകുന്നുണ്ട്. നിലവിൽ കൊറിയയിലും ചൈനയിലും ഇന്ത്യയിലുമാണ് ഫാക്‌ടറികൾ. ഇന്ത്യ, കൊറിയ, ജർമനി എന്നിവടങ്ങളിൽ ഗവേഷണശാലകളുമുണ്ട്. എംഫോണിന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് എംഫോൺ മാനേജിംഗ് ഡയറക്‌ടർ ആന്റോ അഗസ്‌റ്റിനോട് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി വ്യക്തമാക്കി.