അടിച്ചമർത്തപ്പെട്ട ജനതയുടെ വിദ്യാഭ്യാസം, ഭൂമിക്കുള്ള അവകാശം, പൗരസ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങളുയർത്തി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയ വി.ജെ.ടി ഹാൾ, ഇനി അറിയപ്പെടുന്നത് മഹാനായ ആ സാമൂഹ്യപരിഷ്കർത്താവിന്റെ സ്മാരകമെന്ന നിലയിലാണ്. അയ്യങ്കാളി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പ്രഖ്യാപിക്കുമ്പോൾ കേരള ചരിത്രത്തിൽ അയ്യങ്കാളിയുടെ തലപ്പൊക്കം അരക്കിട്ടുറപ്പിക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് പ്രകടമായത്. 1980ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തിരുവനന്തപുരത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിച്ചത്. ജനകീയ പ്രസ്ഥാനത്തിന്റെ ആദ്യദശയിലെ ഉത്തുംഗനായ വിപ്ലവകാരി"എന്നാണ് പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സഖാവ് നായനാർ അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.
2010-11ലെ കേരള ബഡ്ജറ്റിലാണ് ഇന്ത്യയിലാദ്യമായി ഒരു നഗരതൊഴിലുറപ്പു പദ്ധതി പ്രഖ്യാപിച്ചത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേരിലാണല്ലോ. ഗാന്ധിജിക്കു തുല്യനായി കേരളത്തിൽ നിന്നുള്ള ചരിത്രപുരുഷന്റെ നാമധേയത്തിൽ വേണം നഗരതൊഴിലുറപ്പു പദ്ധതി പ്രഖ്യാപിക്കേണ്ടത് എന്നു ചിന്തിച്ചപ്പോൾ, അയ്യങ്കാളിയല്ലാതെ മറ്റാരെയും ചിന്തിക്കാനായില്ല. അങ്ങനെയാണ് ആ ബഡ്ജറ്റിൽ അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതി പ്രഖ്യാപിച്ചത്. ചരിത്രം ഈ നവോത്ഥാന നായകനോട് വേണ്ടത്ര നീതി കാണിക്കാത്തതിന്റെ പ്രായശ്ചിത്തത്തിനാണ് അന്ന് തുടക്കമിട്ടത്.
ഈ സർക്കാരിന്റെ കാലത്ത് ബോധപൂർവമായ എത്രയോ പ്രവർത്തനങ്ങൾ. 2017ലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഊരൂട്ടമ്പലം യു.പി.എസിലാണ് സംഘടിപ്പിച്ചത്. ഊരൂട്ടമ്പലം സ്കൂളും അയ്യങ്കാളിയുമായുള്ള ബന്ധം നവോത്ഥാനചരിത്രത്തിലെ ഉജ്ജ്വലമായ അദ്ധ്യായമാണ്. 'പിന്നാക്ക" സമുദായത്തിൽ പിറന്നതിനാൽ 1910ൽ പഞ്ചമിയെന്ന പെൺകുട്ടിക്ക് ഈ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും പിന്നീട് അയ്യങ്കാളിയെത്തി പഞ്ചമിയെ സ്കൂളിൽ പ്രവേശിപ്പിച്ചതും അതിൽ പ്രകോപിതരായ ജന്മിത്തമ്പുരാക്കൾ സ്കൂൾ തീവച്ചു നശിപ്പിച്ചതും പിന്നീടുണ്ടായ ലഹളയുമൊക്കെ കേരളചരിത്രത്തിലെ രക്തപങ്കിലമായ അദ്ധ്യായങ്ങളാണ്. അന്നത്തെ പഞ്ചമിയുടെ ചെറുമകൻ ജോൺസന്റെ മകൾ ദീപ്തിയുടെ മകളായ ആതിരയെ സ്വീകരിച്ചുകൊണ്ടാണ് 2017ലെ പ്രവേശനോത്സവം ചരിത്രത്തിന്റെ ഭാഗമായത്. പഞ്ചമിയെ വടിവാളും തീപ്പന്തങ്ങളുമായി എതിരേറ്റ സ്ഥാനത്ത്, പഞ്ചമിയുടെ പിൻതലമുറക്കാരിയെ സംസ്ഥാന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറ്റുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആഘോഷപൂർവമായി വരവേറ്റു.
ചരിത്രത്തിന് കേരളം സംഭാവന ചെയ്ത ധീരനായകനാണ് അയ്യങ്കാളി . നമ്മുടെ ചരിത്രവീഥികളിൽ ആ നാമം തലയുയർത്തി നിൽക്കുമെന്ന് ഈ സർക്കാർ ഉറപ്പുവരുത്തും. അക്കാര്യത്തിലുള്ള ഏറ്റവും ഉചിതമായ നടപടിയാണ്, വി.ജെ.ടി ഹാളിനെ മഹാത്മാ അയ്യങ്കാളിയുടെ സ്മാരകമാക്കാനുള്ള തീരുമാനം.