vernon

മുംബയ് : നോബൽ സമ്മാനം വരെ നിരസിച്ച വിഖ്യാത റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ ആത്മാവ് ഇന്നലെ ഇന്ത്യയിലേക്ക് നോക്കി പൊട്ടിച്ചിരിച്ചിട്ടുണ്ടാവും. തന്റെ വിശ്വസാഹിത്യകൃതിയായ 'യുദ്ധവും സമാധാനവും' മുംബയ് പൊലീസ് ഒരു മനുഷ്യാവകാശ പ്രവർത്തകനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന രാജ്യദ്രോഹകേസിൽ തെളിവാക്കിക്കളഞ്ഞു ! മാത്രമോ, പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബയ് ഹൈക്കോടതിയിലെ ജഡ്‌ജി 'പ്രതി'യോട് ഒരു ചോദ്യവും ചോദിച്ചു: ''മറ്റൊരു രാജ്യത്തെ യുദ്ധത്തെപ്പറ്റി പറയുന്ന പുസ്തകം നിങ്ങൾ എന്തിന് വീട്ടിൽ സൂക്ഷിച്ചു?''

മഹാരാഷ്‌ട്രയിൽ കോളിളക്കമുണ്ടാക്കിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെർനൻ ഗോൺസാൽവസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജഡ്‌ജി സാരംഗ് കോട്‍വാളിന്റെ ഈ വിചിത്രചോദ്യം. ദോഷകരമായ സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചതിന് ഗോൺസാൽവസ് വിശദീകരണം നൽകണമെന്നും ജഡ്‌ജി ആവശ്യപ്പെട്ടു.

ഗോൺസാൽവസിനെതിരായ രാജ്യദ്രോഹക്കുറ്റത്തിന് പൂനെ പൊലീസ് കോടതിയിൽ ഹാജരാക്കിയ പല തെളിവുകളിൽ ഒന്ന് ഈ വിഖ്യാത പുസ്തകമാണ്. പുസ്തകത്തിന്റെ യുദ്ധവും സമാധാനവും എന്ന ടൈറ്റിലിൽ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന എന്തോ ഉണ്ടെന്നാണത്രേ പൊലീസിന്റെ കണ്ടെത്തൽ. ജഡ്ജ് അത് മൊത്തമായും വിശ്വസിച്ചില്ല. അതിനാലാവണം, തലക്കെട്ട് മോശമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കം കുറ്റകരമാണെന്ന് പൊലീസ് തെളിയിക്കണമെന്നും അല്ലാത്തപക്ഷം തെളിവുകൾ തള്ളുമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ടോൾസ്റ്റോയിയുടെ നോവലിന് പുറമേ ആനന്ദ് പട്‍വർദ്ധന്റെ പ്രമുഖ ഡോക്യുമെന്ററി ജയ് ഭീം കോമ്രേഡ്, മാർക്സിസ്റ്റ് ആർക്കൈവ്സ്, അണ്ടർ സ്റ്റാൻഡിംഗ് മാവോയിസ്റ്റ്സ്, ആർ.സി.പി റിവ്യു തുടങ്ങിയ പുസ്തകങ്ങളും സിഡികളുമാണ് ഗോൺസാൽവസിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത മറ്റ് തെളിവുകൾ.

അതേസമയം, ഗോൺസാൽവസിന്റെ കംപ്യൂട്ടറിൽ നിന്ന് ലഭിച്ച ഇലക്ട്രോണിക് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.