ramesh-chennithala

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സർക്കാരും സി.പി.എമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ നിലപാട് വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് സി.പി.എം പറയുമ്പോൾ അതേ നിലപാട് തുടരുമെന്ന് സർക്കാർ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതിൽ ഉറച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് തലയൂരാനും നവോത്ഥാന നായകൻ എന്ന ഇമേജ് നിലനിറുത്താനും മുഖ്യമന്ത്രി കളിക്കുന്ന കളിയാണിത്. ഉപതിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് തിരിച്ചടിയുണ്ടാകും.
ശബരിമലയിൽ സർക്കാർ ചെയ്തതെല്ലാം ജനങ്ങൾ തെറ്റിദ്ധരിച്ചുവെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യുവതീപ്രവേശത്തിന് ഐക്യദാർഢ്യം തീർക്കാനാണ് സി.പി.എമ്മും സർക്കാരും ചേർന്ന് കേരളമാകെ വനിതാമതിൽ നിർമ്മിച്ചത്.
വിശ്വാസികളെ ഏതുവിധേനയും തിരിച്ചുകൊണ്ടുവരാനുള്ള സർക്കസാണ് സി.പി.എം നടത്തുന്നത്. അതിലെ മുഖ്യാഭ്യാസിയുടെ റോളാണ് പിണറായി വിജയനുള്ളത്. കോടിയേരി ബാലകൃഷ്ണനും പല വിധത്തിലുള്ള കസർത്തുകൾ കാണിക്കുന്നുണ്ട്. ചെയ്തത് തെറ്റിപ്പോയെന്ന് അന്തസോടെ പറയാൻ പാർട്ടി തയ്യാറല്ല. പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി അതിന് തയ്യാറാവില്ല. യു.ഡി.എഫിന്റെ നിലപാട് കാലം ശരിവച്ചെന്നും ചെന്നിത്തല പറഞ്ഞു.