കൊച്ചി: ആഗോള സമ്പദ്‌രംഗം മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തൽ സ്വർണത്തിന് വൻ നേട്ടമാകുന്നു. ഓഹരികൾ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിൽ നിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കാണ് ഈ പണം ഒഴുകുന്നത്. ഇതിന്റെ ചുവടുപിടിച്ച് സ്വർണവില ആഗോള തലത്തിൽ കത്തിക്കയറുകയാണ്.

കേരളത്തിൽ പവൻ വില 160 രൂപ വർദ്ധിച്ച് 28,820 രൂപയായി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് വില 3,610 രൂപയിലുമെത്തി. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലകളാണ്. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില ആദ്യമായി പത്തു ഗ്രാമിന് 40,000 രൂപ കടന്നു. 250 രൂപ വർദ്ധിച്ച് 40,220 രൂപയിലായിരുന്നു ഇന്നലെ ബുള്ള്യൻ വ്യാപാരം.വിവാഹ, ഉത്സവകാല സീസണിന് മുന്നോടിയായി ജുവലറിക്കാർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണത്തിന് നേട്ടമാകുന്നു.

രാജ്യാന്തര വില നിയന്ത്രണമില്ലാതെ കുതിക്കുന്നതാണ് സ്വർണവില കുതിപ്പിന്റെ മുഖ്യകാരണം. കഴിഞ്ഞവാരം ട്രോയ് ഔൺസിന് 1,500 ഡോളറായിരുന്ന വില ഇന്നലെ 1,550 ഡോളറിലെത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ കനത്ത തളർ‌ച്ച നേരിടുന്നതിനാൽ, ഇറക്കുമതി ചെലവേറിയതും സ്വ‌ർണവിലയെ മേലോട്ടുയർത്തുകയാണ്.

₹28,880

ഇന്നലെ പവൻ വില 28,880 രൂപ. ഗ്രാമിന് 3,610 രൂപ.

₹3,200

ഈമാസം ഇതുവരെ പവൻ വിലയിൽ കൂടിയത് 3,210 രൂപ. ഗ്രാമിന് 400 രൂപയും കൂടി.

₹31,262

ഏറ്റവും കുറഞ്ഞത് 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ 3% ജി.എസ്.ടി., 0.25 ശതമാനം സെസ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ ഉപഭോക്താവ് 31,262 രൂപ നൽകേണ്ടി വരും.

വെള്ളിക്കും വിലക്കയറ്റം

സ്വ‌ർണത്തിനൊപ്പം വെള്ളി വിലയും കുതിക്കുകയാണ്. വില ഇന്നലെ കിലോഗ്രാമിന് 200 രൂപ വ‌ർദ്ധിച്ച് 49,050 രൂപയായി.