photo

കൊട്ടാരക്കര: സമ്മാനച്ചിട്ടി നടത്തി ലക്ഷങ്ങളുമായി മുങ്ങിയ കേസിലെ പ്രതി ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ്.കെ നിവാസിൽ സജികുമാറിനെ (42) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് കേന്ദ്രീകരിച്ച് സ്ഥാപിച്ച എസ്.കെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം വഴയാണ് തട്ടിപ്പ് നടത്തിയത്. ദിവസപ്പിരിവ്, ആഴ്ചപ്പിരിവ്, മാസപ്പിരിവ് എന്നിങ്ങനെയാണ് ചിട്ടി നടത്തിയിരുന്നത്. കാർ, ഇരുചക്ര വാഹനം, കമ്പ്യൂട്ടർ, ടെലിവിഷൻ, കസേര, പാത്രങ്ങൾ, പട്ടുസാരി തുടങ്ങി സമ്മാനങ്ങളും പ്രഖ്യാപിച്ചു. 1500ൽപ്പരം ആൾക്കാരിൽനിന്ന് വൻതുക പിരിച്ചെടുത്തെങ്കിലും സമയത്ത് സമ്മാനങ്ങൾ നൽകിയില്ല. കഴി‌ഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിറ്റാളൻമാരെ വിളിച്ചുകൂട്ടി വലിയ സത്കാരം നടത്തി. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവർക്കും സമ്മാനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയ ശേഷം സജികുമാർ മുങ്ങി. തുടർന്നാണ് ആളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.