പഴയങ്ങാടി: താവം കാപ്പ് ബണ്ടിൽ നിന്ന് പുഴയിലേക്ക് തെറിച്ചു വീണ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ഏഴോം കണ്ണോത്ത് താമസിക്കുന്ന ചെറുകുന്ന് കുന്നനങ്ങാട് സ്വദേശി നീലാങ്കോൽ ശ്യാമളയാണ് (55) മരിച്ചത്.
ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. പഴയങ്ങാടിയിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ ദാൽ റോഡിലെ കൈവരിയില്ലാത്ത കാപ്പ് ബണ്ട് പാലത്തിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. സ്‌കൂട്ടറും ചെരുപ്പും പാലത്തിലുണ്ടായിരുന്നു.
നാട്ടുകാരും മത്സ്യത്തൊഴിലാളികളും അഗ്‌നിശമന സേനയും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 12.30 ന് ദാൽ പാലത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഏഴോം കണ്ണോത്ത് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഭർത്താവ് : ടി.വി. നാരായണൻ. സഹോദരങ്ങൾ : ലീല, ശോഭ.