മുംബയ്: കരുതൽ ധനത്തിന്റെ സർപ്ലസ് എന്ന പേരിൽ 1.76 ലക്ഷം കോടി രൂപ സർക്കാരിന് നൽകാൻ തീരുമാനിച്ചതിലൂടെ അടിയന്തര ആവശ്യങ്ങൾക്കുള്ള റിസർവ് ബാങ്കിന്റെ കണ്ടിൻജൻസി ഫണ്ട് കുത്തനെ ഇടിഞ്ഞു. 2.32 ലക്ഷം കോടി രൂപയിൽ നിന്ന് 1.96 ലക്ഷം കോടി രൂപയായാണ് ഫണ്ട് ഇടിഞ്ഞതെന്ന് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. ഭാവിയിലെ 'അപ്രതീക്ഷിതമോ അടിയന്തരമോ' ആയ ആവശ്യങ്ങൾക്കായി കരുതിവയ്‌ക്കുന്ന ഫണ്ടാണിത്.
കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനമാണ് റിസർവ് ബാങ്കിന് ഉണ്ടായിരുന്നത്. ഇതിൽ 6.91 ലക്ഷം കോടി രൂപ സ്വർണമായും വിദേശ കറൻസിയായും 2.32 ലക്ഷം കോടി രൂപ കണ്ടിൻജൻസി ഫണ്ടായുമാണ് സൂക്ഷിച്ചിരുന്നത്. സർപ്ലസായി 1.76 ലക്ഷം കോടി സർക്കാരിന് നൽകിയതോടെ ആനുപാതികമായി കണ്ടിൻജൻസി ഫണ്ട് കുറഞ്ഞെങ്കിലും അപ്രതീക്ഷിത തിരിച്ചടികൾ നേരിടാൻ ഇപ്പോഴും ശേഷിയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.