yechuri-

ശ്രീനഗർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിൽ തങ്ങും. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സീതാറാം യെച്ചൂരി ശ്രീനഗറിൽ എത്തിയത്.

ഗുപ്കർ റോഡിലെ വീട്ടിലാണ് തരിഗാമി കരുതൽ തടങ്കലിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് തരിഗാമിക്കൊപ്പം തങ്ങാൻ അനുവദിക്കണം എന്ന് യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യെച്ചൂരി എപ്പോൾ മടങ്ങും എന്ന സൂചന പാർട്ടി ആസ്ഥാനത്ത് കിട്ടിയിട്ടില്ല.

മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു കോടതി ഉത്തരവ്. കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിരുന്നു.