plastic-

ന്യൂഡൽഹി: ഈ വർഷം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി മുതൽ പുന:രുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ദേശീയതലത്തിൽ നിരോധനം. പ്ലാസ്റ്റിക് ബാഗുകൾ,​ കപ്പുകൾ,​ സ്ട്രോ,​ സഞ്ചികൾ,​ പ്ലേറ്റ്,​ ചെറിയ കുപ്പികൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇവയുടെ നിർമ്മാണവും ഇറക്കുമതിയും പൂർണമായും തടയും. ചില എയർ ഇന്ത്യ വിമാനങ്ങളിലും ഒക്ടോബർ രണ്ട് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ എയർഇന്ത്യ എക്‌സ്പ്രസ്, അലൈൻസ് വിമാനങ്ങളിലായിരിക്കും നിരോധനം ഏർപ്പെടുത്തുക. രണ്ടാംഘട്ടത്തിൽ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഇത് ബാധകമാക്കും.

സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും. ഇ-കൊമേഴ്സ് കമ്പനികളോടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും പോലെയുള്ള കമ്പനികൾ ഓൺലൈൻ ഡെലിവറി നടത്തുമ്പോഴും അല്ലാതെയും മറ്റും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധനങ്ങൾ പൊതിയുന്നത്. ഇന്ത്യയിലെ 40 ശതമാനം പ്ലാസ്റ്റിക് ഉപഭോഗവും ഇത്തരം കമ്പനികളിലാണ് നടക്കുന്നത്. 2022ഓടെ പ്ലാസ്റ്റിക് വസ്തുക്കളെ പൂർണമായും തുടച്ച് നീക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.