ശ്രീനഗർ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജമ്മുകാശ്മീരിലെത്തി സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ശ്രീനഗറിൽ തങ്ങി. ഒരു ദിവസം തരിഗാമിക്കൊപ്പം തങ്ങണമെന്ന യെച്ചൂരിയുടെ ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് യെച്ചൂരി ശ്രീനഗറിൽ എത്തിയത്. ഗുപ്കർ റോഡിലെ വീട്ടിലാണ് തരിഗാമി കരുതൽ തടങ്കലിൽ കഴിയുന്നതെന്നാണ് റിപ്പോർട്ട്. യെച്ചൂരി എപ്പോൾ മടങ്ങും എന്നകാര്യത്തിൽ വിവരം ലഭിച്ചിട്ടില്ല.
ജമ്മുകാശ്മീനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തിൽ ജമ്മുവിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ മാസം അഞ്ചിന് തരിഗാമി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായി രണ്ടുതവണ സീതാറാം യെച്ചൂരി കാശ്മീരിലെത്തിയെങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതി ഇടപെട്ടത്. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റൊന്നും പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിരുന്നു.