തൊണ്ണൂറുകളിലെ ബോളിവുഡിന്റെ സ്വപ്ന നായികയായിരുന്നു ട്വിങ്കിൾ ഖന്ന. തന്റെ അഭിനയം വളരെ മോശമാണെന്നും അത് ടി.വിയിൽ കാണുമ്പോൾ തനിക്ക് അറപ്പുണ്ടാകുന്നു എന്നും പറഞ്ഞുകൊണ്ടാണ് ട്വിങ്കിൾ സിനിമാ രംഗം വിടുന്നത്. എല്ലാം മുഖം നോക്കാതെ പറയാനും സ്വയം പരിഹസിക്കാനും ട്വിങ്കിളിന് യാതൊരു മടിയുമില്ല. സിനിമാരംഗം വിട്ട് എഴുത്തിലേക്ക് വന്നപ്പോഴും ബോളിവുഡ് സൂപ്പർ തരാം അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിൾ തന്റെ ആ പഴയ സ്വഭാവം കൈവിട്ടില്ല.
ഇപ്പോൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിലാണ് ട്വിങ്കിൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. ഷാരൂഖാൻ ഖാനുമായി ട്വിങ്കിൾ അഭിനയിച്ച 'ബാദ്ഷ' എന്ന ചിത്രത്തിന്റെ ഇരുപതാം വാർഷികത്തിൽ അത് സൂചിപ്പിച്ചുകൊണ്ട് 'റെട്രോ ബോളിവുഡ്' എന്ന പേജ് ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിൽ ഷാരൂഖിന്റെ പ്രകടനത്തെ പുകഴ്ത്തുകയായിരുന്നു ഇവർ. എന്നാൽ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയപ്പോൾ ട്വിങ്കിളിന്റെ പൊക്കിളിനെ കുറിച്ച് ഇവർ ഒരു പരാമർശം നടത്തി.
ചിത്രത്തിൽ ട്വിങ്കിളിന്റെ പൊക്കിൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും ചിത്രത്തിൽ ഉടനീളം നടിയുടെ പൊക്കിളിന് റോൾ ഉണ്ടായിരുന്നു എന്നുമായിരുന്നു ഇവരുടെ കമന്റ്. ഇത് ശ്രദ്ധയിൽ പെട്ട ട്വിങ്കിൾ തന്റെ പൊക്കിളിനെ പുകഴ്ത്തിയ പേജിന് തന്റെ നന്ദി അറിയിച്ചു. 'വികാരമുണർത്തുന്ന ശരീരഭാഗങ്ങൾ കാരണം എനിക്ക് നല്ല റിവ്യൂ ആണ് ലഭിച്ചത്. 'ബാദ്ഷ'യിലെ പ്രണയജോഡികൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖിന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്. എനിക്കാകട്ടെ നല്ല പൊക്കിളുമുണ്ട്.' ട്വിങ്കിൾ രസകരമായി പറഞ്ഞുനിർത്തി.