indian-airforce

ന്യൂഡൽഹി: ബാലാക്കോട്ടിൽ പാക് ഭീകരർക്ക് നാശനഷ്ടം വിതച്ച ‘സ്പൈസ്’ ബോംബുകളുടെ പുതിയ പതിപ്പ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. ഇന്ത്യ പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രായേലിൽ നിർമ്മിത ബോംബുകൾ ഇന്ത്യൻ സെെന്യത്തിന്റെ ഭാഗമാകുന്നത്. സെപ്തംബർ മാസത്തിൽ ആയുധങ്ങൾ ഇന്ത്യയിലെത്തും. അതിർത്തി കടന്നെത്തുന്ന പാക് ഭീകരരെ നേരിടാനും അവരുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഉപയോഗിക്കാനും ഇതിന് കഴിയും.

ബോംബ് ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ‌ (SPICE Bomb) വാങ്ങാൻ വ്യോമസേന കരാർ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി 84 പോർമുനകളും ബോംബുകളുമാണ് എത്തുന്നത്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നുണ്ട്. നെതന്യാഹുമായുള്ള ചർച്ചയ്ക്ക് ശേഷം കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടിയിൽ സ്പൈസ് ബോംബുകളായിരുന്നു ഉപയോഗിച്ചത്. ബാലാക്കോട്ടിൽ ഭീകരരുടെ കേന്ദ്രങ്ങൾ വ്യോമസേന തകർത്ത് തരിപ്പണമാക്കിയിരുന്നു. കെട്ടിടങ്ങൾ പൂർണമായും നശിപ്പിക്കാൻ ശേഷിയുള്ള ബോംബുകളാണിവ. സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണു ബോംബ് വന്നുവീഴുക. 60 കിലോമീറ്ററാണു ഇതിന്റെ ദൂരപരിധി. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുന്ന സ്പൈസ് ആക്രമണത്തിൽ ശത്രുക്കൾ ശ്വാസം വിലങ്ങിയാണു കൊല്ലപ്പെടുക. ഏത് കാലാവസ്ഥയിലും ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത