തിരുവനന്തപുരം: ദേശീയപാത 544-ലെ മണ്ണൂത്തി- വടക്കഞ്ചേരി റീച്ചിൽ റോഡ് താറുമാറായതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും ഇക്കാലയളവു വരെ കുതിരാൻ തുരങ്കം ഭാഗീകമായി ഗതാഗത്തിന് തുറന്നു നൽകുന്നതിനും നിർദ്ദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കഴിഞ്ഞ ഒരുവർഷക്കാലമായി മണ്ണൂത്തി-വടക്കാഞ്ചേരി റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥിലാണ്. 2018 ഒക്ടോബറിൽ തൃശൂർ കളക്ടറേറ്റിൽ വെച്ച് പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത യോഗത്തിൽ മണ്ണൂത്തി-വടക്കാഞ്ചേരി റീച്ചിലെ കുതിരാൻ തുരങ്കം ഉൾപ്പെടെ 2019 ജനുവരി മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും കരാർ കമ്പനിയും ഉറപ്പു നൽകിയിരുന്നത്. എന്നാൽ ഈ ഉറപ്പ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നിരവധി തവണ കത്ത് നൽകിയെങ്കിലും കരാർ കമ്പനിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ലെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കുതിരാൻ തുരങ്കത്തിന്റേയും മണ്ണൂത്തി-വടക്കാഞ്ചേരി റീച്ചിന്റെയും പണി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിന് ചട്ട പ്രകാരം നടപടികൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, ഈ കമ്പനിയെ തന്നെ കോഴിക്കോട് ബൈപാസിന്റെ നിർമ്മാണ പ്രവർത്തനം ഏൽപ്പിച്ചതുമൂലം പ്രസ്തുത പ്രവൃത്തിയും സ്തംഭനാവസ്ഥിലാണ്. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണെന്നിരിക്കെ സംസ്ഥാന സർക്കാരിന് ഈ കാര്യത്തിലുള്ള പരിമിതി മനസ്സിലാക്കണമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.