കൊച്ചി: വി.ജെ.ടി ഹാളിന് മഹാത്മ അയ്യങ്കാളിയുടെ പേരിടാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് എഴുത്തുകാരൻ വി.എസ്. അനിൽകുമാർ. അദ്ദേഹത്തിനുള്ള ഏറ്റവും നല്ല കെട്ടിട സ്മാരകം ചെങ്ങന്നൂരിൽ അദ്ദേഹം തന്നെ സ്ഥാപിച്ച സ്‌കൂളാണെന്നും കുറിപ്പിൽ പറയുന്നു.
അയ്യങ്കാളി ഒരു കെട്ടിടമല്ല. ഒരു വിപ്ലവമാണ്. അതിനെ നിലനിറുത്താൻ വിപ്ലവ പരിപാടികളാണ് വേണ്ടതെന്നും അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയ്യങ്കാളി ഒരു ഹാളല്ല.
വിക്ടോറിയ ജൂബിലി ടൗൺ ഹാൾ എന്ന വി.ജെ.ടി ഹാൾ ഒരു നൂറ്റിരുപത് കൊല്ലമായി തിരുവനന്തപുരത്തുണ്ട്. സ്വാതന്ത്ര്യത്തിന് 72 വയസ്സും കേരളത്തിന് 62 വയസ്സുമാകുന്നതുവരെയും അത് അങ്ങനെത്തന്നെയുണ്ട്. ഇപ്പോൾ അതിനു അയ്യങ്കാളിയുടെ പേരു കൊടുക്കുന്നത്, ഔ കണ്ണപുരത്തെ ഒരു സി.പി.ഐ (എം) കമ്മ്യൂണിസ്റ്റുകാരൻ പറഞ്ഞ പോലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയെന്നേ പറയാനാവു.
ജയലളിതയുടേയും കരുണാനിധിയുടേയും നിലവാരം കുറഞ്ഞ അധികാരക്കളിയിലെ ഒരു ഇനമായിരുന്നു, ഈ പേരു മാറ്റൽ. സർക്കാർ ബസ്സുകളിലെ നമ്പർ വരെ അവര്‍ മാറ്റി. പോര്‍ട്ട് ബ്ലെയർ വിമാനത്താവളത്തിന് ഏറ്റവും അനുചിതമായ പേരാണ് സംഘി സർക്കാർ നല്‍കിയത്.ബ്രിട്ടീഷ് ഗവൺമെന്റിന് പല തവണ മാപ്പ് എഴുതിക്കൊടുത്ത ഒരു തടവുകാരന്റെ പേര്.ഫിറോഷ് ഷാ കോട്‌ല ഗ്രൗണ്ടിന് ജയ്റ്റലിയുടെ പേര് ഇടുന്നെന്ന് കേട്ടു. ചിതയുടെ കനലാറും മുമ്പെ. ഇനിയും പല ഉദാഹരണങ്ങൾ പറയാം.
സെന്റ് പീറ്റേസ് ബർഗ് ലെനിൻ ഗ്രാഡ് ആയതും തിരിച്ച് സെന്റ് പീറ്റേസ് ബർഗ്ഗായതും ചരിത്രപരമായ കാരണങ്ങളാലാണ്.അതു പോലെയല്ല ഈ പേരു മാറ്റങ്ങൾ.
അയ്യങ്കാളി വെറുമൊരു പേരല്ല. നിന്ദിതർക്കും പീഡിതർക്കും വേണ്ടി പറഞ്ഞതും പൊരുതിനിന്നതുമായ ഒരാശയമാണ്. അദ്ദേഹത്തിനുള്ള ഏറ്റവും നല്ല കെട്ടിട സ്മാരകം ചെങ്ങന്നൂരിൽ അദ്ദേഹം തന്നെ സ്ഥാപിച്ച സ്‌കൂളാണ്. സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ ഇപ്പോൾ. മഹാത്മാ അയ്യങ്കാളി ഉണ്ടാക്കിയ സ്‌കൂളിനെ ആ പദ്ധതിയിൽപ്പെടുത്തിയാൽ മോശം വരില്ല.
അയ്യങ്കാളി തന്റേടം കൊടുത്തുയർത്താൻ വിയർപ്പൊഴുക്കിയ ഒരു ജനവിഭാഗമുണ്ടല്ലോ. 62 വർഷങ്ങൾക്കു ശേഷവും ആ വലിയ ജനതയുടെ പുരോഗമനവും വികസനവുമൊക്കെ ഒരു വകയാണ്.
പിന്നോക്കക്കാരും ആദിവാസികളുമടങ്ങുന്ന ആ വിഭാഗത്തിനായി സർക്കാറുകൾ ചെലവഴിച്ചു എന്നു പറയുന്ന അതി ഭീമമായ സംഖ്യ യഥാർത്ഥത്തിൽ എവിടെയാണ് മുങ്ങിയത്? രാഷ്ട്രീയ കൊള്ളക്കാരും ഉദ്യോഗസ്ഥ പിടിച്ചുപറിക്കാരും കൂടിയാണ് ഇതൊക്കെ വിഴുങ്ങിയത് എന്ന് എല്ലാവരും പറയുന്നു, അറിയുന്നു.പിന്നെയെന്താണ് ആരും ഒന്നും അന്വേഷിക്കാത്തത്?സി.ബി. ഐയൊന്നും ഈ കാര്യത്തിൽ ആർക്കും വേണ്ടേ?
പറ്റുമോ,സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാൻ? ഒരു സിറ്റിംഗ് ജഡ്ജിയെ വെച്ച് ജുഡീഷ്യൽ അന്വേഷണം ?അപരാധികളെ കടും ശിക്ഷയ്ക്ക് വിധേയമാക്കാന്‍ ത്രാണിയുണ്ടോ? 62 കൊല്ലത്തേയും തത്ക്കാലം ഒരുമിച്ചു വേണ്ട. ആദ്യപടിയായി കഴിഞ്ഞ 25 കൊല്ലത്തെ തോന്ന്യാസങ്ങൾ അന്വേഷിക്കാൻ ഉത്തരവിടാമോ?
ആ ഉത്തരവിൽ 'അയ്യങ്കാളി സാമൂഹിക നീതി കർമ്മപരിപാടി ' (Ayyankali Social Jestice Operation) എന്ന് തലവാചകം കൊടുക്കാം.
അയ്യങ്കാളി ഒരു കെട്ടിടമല്ല. ഒരു വിപ്‌ളവമാണ്. അതിനെ നിലനിർത്താൻ വിപ്‌ളവ പരിപാടികളാണ് വേണ്ടത്