തിരുവനന്തപുരം: ജില്ലയിലെ പ്രശസ്തമായ സ്കൂളിൽ അദ്ധ്യാപികമാരെ അദ്ധ്യയന സമയത്ത് ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും എട്ട് പീരിയഡ് തുടർച്ചയായി നിറുത്തിക്കൊണ്ട് ജോലി ചെയ്യിക്കുന്നതായും അവധി സമയങ്ങളിൽ മെമ്മോ ഉൾപ്പെടെ നൽകി പീഡിപ്പിക്കുന്നതായും കാട്ടി അദ്ധ്യാപികമാർ വനിതാ കമ്മിഷന് പരാതി നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ കമ്മിഷൻ അദാലത്തിൽ വിളിച്ചുവരുത്തി. സ്കൂളിൽ നേരിട്ട് അന്വേഷണം നടത്തുമെന്നും വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ അറിയിച്ചു.
കുട്ടികളെ നിരീക്ഷിക്കാനെന്ന പേരിൽ ക്ലാസ്റൂമുകളിൽ സി.സി ടിവികൾ സ്ഥാപിച്ച് അദ്ധ്യാപികമാരുടെ പെരുമാറ്റം നിരീക്ഷിക്കുകയാണ്. ക്ലാസ് എടുക്കുന്നതിനിടെ അദ്ധ്യാപിക ഇരുന്നാൽ പ്രിൻസിപ്പൽ മെമ്മോ നൽകുമെന്ന് പരാതിയിൽ പറയുന്നു. ചോദ്യം ചെയ്യുന്ന അദ്ധ്യാപികമാർക്കെതിരെ നടപടി എടുക്കുന്നതും പതിവാണ്. മെഡിക്കൽ അവധിയിൽ പ്രവേശിച്ച അദ്ധ്യാപികയ്ക്ക് പോലും മെമ്മോ നൽകി. കമ്മിഷൻ ഇത്തരം കാര്യങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് കമ്മിഷൻ അംഗം ഇ.എം. രാധ വ്യക്തമാക്കി.
കാൻസർ ബാധിതനായ മകന്റെ ചികിത്സയ്ക്കു വേണ്ടി സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭർത്താവ് കടന്നുകളഞ്ഞ സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് വയസുകാരനായ മകന്റെ ചികിത്സയ്ക്കായി ഭർത്താവിനൊപ്പം ആർ.സി.സിയിലെത്തിയ ആലപ്പുഴ സ്വദേശിനിയായ നിസയുടെ കഥ കേട്ട് കമ്മിഷൻ ഇടപെടുകയായിരുന്നു. ഇവരുടെ പൂർണ സംരക്ഷണവും കുട്ടിയുടെ ചികിത്സയും പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. അദാലത്തിൽ 250 കേസുകൾ പരിഗണിച്ചു. 82 കേസുകൾ തീർപ്പാക്കി. പത്തെണ്ണം റിപ്പോർട്ടിനായി അയയ്ക്കും. ഒരെണ്ണത്തിൽ കൗൺസലിംഗ് നടത്താനും തീരുമാനിച്ചു. ലോ ഓഫീസർ പി. ഗിരിജ, സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർ എൽ. രമ എന്നിവരും അദാലത്തിൽ പങ്കെടുത്തു.