തിരുവന്തപുരം : വൃദ്ധയെ ആക്രമിച്ച് മാല പിടിച്ച് പറിച്ച പ്രതിയെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. പുല്ലുവിള ചെമ്പകരാമൻതുറ പുരയിടത്തിൽ റോമാൻസ് മകൻ റോബിനാണ് (22) പിടിയിലായത്. വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ പോയ വൃദ്ധയോട് വഴി ചോദിക്കാനെന്ന വ്യാജേന അടുത്ത് വന്ന് സംസാരിച്ച് നിന്ന ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാല പ്രതി പിടിച്ചു പറിക്കുകയായിരുന്നു. പുല്ലുവിള ഭാഗത്ത് നിന്ന് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.
സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആർ. ആദിത്യ, ജില്ലാ ക്രൈംബ്രാഞ്ച് എ.സി സന്തോഷ് എം.എസ്, വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, രഞ്ജിത്ത് ജി.കെ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.