anil1

പയ്യോളി: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ എസ്.ഐ റിമാൻഡിൽ. കോഴിക്കോട് റൂറൽ എ.ആർ. ക്യാമ്പിലെ എസ്.ഐ തിക്കോടി ചിങ്ങപുരം ഭഅമ്മൂസി'ൽ ജി.എസ്. അനിലിനെ (53) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജൂണിൽ പയ്യോളി സ്റ്റേഷനിൽ അഞ്ച് ദിവസം എസ്.ഐയുടെ ചുമതല വഹിച്ചിരുന്ന അനിൽ അന്ന് പരാതിയുമായെത്തിയ യുവതിക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. അതുവഴി ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് കേസ് അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞ് യുവതിയെ തലശ്ശേരിയിലെ ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് പകർത്തിയ നഗ്ന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു.

ഇതിനിടെ ഫേസ്ബുക്കിലൂടെ യുവതി പരിചയപ്പെട്ട കോഴിക്കോട് സിറ്റിയിലെ പൊലീസുകാരന്റെ വീട്ടിൽ എത്തി പൊലീസുകാരൻ യുവതിക്കയച്ച ചിത്രങ്ങൾ ഭാര്യയെ കാണിച്ച് കേസ് എടുത്ത് ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷത്തി എഴുപത്തി ആറായിരം രൂപ അനിൽ തട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇയാൾ നിരവധി തവണ സ്വഭാവ ദൂഷ്യ നടപടികൾക്ക് വിധേയമായിട്ടുണ്ട്.

അനിലിനെ അറസ്റ്റ് ചെയ്യാൻ ചിങ്ങപുരത്തെ വീട്ടിലെത്തിയ പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മദ്യപിച്ച് അവശനായതിനാൽ ശ്രമം പരാജയപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.