മുംബയ്: റിസർവ് ബാങ്കിന്റെ വരുമാനം 2018-19ൽ 146.59 ശതമാനം വർദ്ധിച്ച് 1.93 ലക്ഷം കോടി രൂപയായി. 41.03 ലക്ഷം കോടി രൂപയാണ് മൊത്തം ആസ്‌തി. വർദ്ധന 13.42 ശതമാനം. കടപ്പത്രം, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്‌പയുടെ പലിശ എന്നിവയിലൂടെയാണ് റിസർവ് ബാങ്ക് വരുമാനം നേടുന്നത്. പലിശ വരുമാനം മാത്രം 44.62 ശതമാനം ഉയർന്ന് 1.06 ലക്ഷം കോടി രൂപയായി.

കഴിഞ്ഞവർഷം വിദേശ നാണയ ശേഖരത്തിൽ 28,998 കോടി രൂപയുടെ വർദ്ധനയുണ്ടായി. 618.16 മെട്രിക് ടൺ സ്വർണ ശേഖരവും റിസർവ് ബാങ്കിനുണ്ട്. 2018 ജൂണിൽ ഇത് 566.23 മെട്രിക് ടൺ ആയിരുന്നു. 2018-18ലെ കണക്കനുസരിച്ച് 21 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. വർദ്ധന 17 ശതമാനം. നോട്ടുകളുടെ എണ്ണം 6.2 ശതമാനം ഉയർന്ന് 108,759 ദശലക്ഷത്തിലെത്തി.

പ്രതിസന്ധി ചാക്രികം

ഉത്തേജനം അനിവാര്യം

നിലവിലെ സാമ്പത്തിക പ്രതിസന്ധി ചാക്രികമാണെന്നും കാലക്രമേണ മെച്ചപ്പെടുമെന്നും റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. മാനുഫാക്‌ചറിംഗ്, വ്യാപാരം, ഗതാഗതം, കാർഷികം, നിർമ്മാണം, റിയൽ എസ്‌‌റേറ്റ് എന്നിവ ചാക്രികമായ തിരിച്ചടിയാണ് നേരിടുന്നത്. ഉപഭോക്തൃ വിപണി, സ്വകാര്യ നിക്ഷേപം എന്നിവയുടെ ഉണർവിന് നടപ്പുവർഷം കൂടുതൽ ശ്രദ്ധ നൽകണം.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചെലവ് വർദ്ധിപ്പിക്കണം. തൊഴിൽ നിയമങ്ങൾ, നികുതി തുടങ്ങിയ സുപ്രധാന ഘടകങ്ങളിൽ കാതലായ പരിഷ്‌കരണങ്ങളിലൂടെ സമ്പദ്‌മേഖലയ്ക്ക് ഉത്തേജനം നൽകാനാകും. 2024-25ഓടെ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്.