പൂനെ: ഫോട്ടോഷൂട്ടിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച നാടക നടനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാത്തി നാടക നടനും സംവിധായകനുമായ മന്ദർ കുൽക്കർണിയെയാണ് ഡെക്കാൻ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുപത്തിനാലുകാരനായ മന്ദർ കുൽക്കർണി നിരവധി നാടക വർക്ക്ഷോപ്പുകളും നടത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വർക്ഷോപ്പിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും.
സിനിമയിലും സീരിയലുകളിലും മറ്റും അവസരം നൽകാമെന്നും അതിന്റെ ഭാഗമായി ഏതാനും ഫോട്ടോകൾ എടുക്കണമെന്നും പറഞ്ഞാണ് ആഗസ്റ്റ് 16ന് രാവിലെ എട്ട് മണിക്ക് ഇയാൾ താൻ താമസിക്കുന്ന പ്രഭാത് റോഡിലെ വസന്ത് ബാഹർ എന്ന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഫോട്ടോ എടുക്കുന്നതിനായി ഇയാൾ ആദ്യം ചില സാധാരണ വേഷങ്ങൾ പെൺകുട്ടിക്ക് നൽകി. ശേഷം ഇയാൾ പെൺകുട്ടിയുടെ ഏതാനും ഫോട്ടോകൾ എടുത്തു.
പിന്നീട് ഇയാൾ പെൺകുട്ടിക്ക് നൽകിയത് ഒരു ബിക്കിനിയാണ്. ആദ്യം ഇത് ധരിക്കാൻ വിസമ്മതിച്ച പെൺകുട്ടി ഇയാളുടെ നിർബന്ധത്തിന് വഴങ്ങി ഈ വേഷം ധരിക്കുകയായിരുന്നു. അടുത്തതായി ഇയാൾ വേറൊരു ഫോട്ടോഷൂട്ടിനായി പെൺകുട്ടിയോട് വസ്ത്രമെല്ലാം ഉരിഞ്ഞ് പൂർണമായും നഗ്നയാകാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം മന്ദർ തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി പറയുന്നത്.
സംഭവം നടന്നത് ആഗസ്റ്റ് 16ന് ആണെങ്കിലും പെൺകുട്ടി 26നാണ് പൊലീസിന് പരാതി നൽകുന്നത്. മന്ദറിനെതിരെ പോക്‌സോ കുറ്റമാണ് ഡെക്കാൻ പൊലീസ് ചുമത്തിയിരിക്കുന്നത്. കലാകാരനായി പ്രവർത്തിക്കുന്ന മന്ദറിന് കാസ്റ്റിംഗ് ചുമതയും ഉണ്ട്. ആ അധികാരം വച്ചാണ് അഭിനയത്തിൽ താത്പര്യമുണ്ടായിരുന്ന പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്തതെന്ന് പൊലീസ് പറയുന്നു.