manju-warrier-

ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവാര്യരുടെ പ്രകടനം കണ്ടിട്ടാണെന്ന് തമിഴ് സൂപ്പർതാരം ധനുഷ്. വെട്രിമാരൻ ചിത്രം അസുരന്റെ ഓഡിയോ ലോ‌ഞ്ചിലാണ് ധനുഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവാര്യർ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിൽ ധനുഷാണ് നായകൻ.

‘ അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല. ദീർഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ധനുഷ് വെളിപ്പെടുത്തി.

‘ഈ മുപ്പത്തിയാറാം വയസ്സിൽ അസുരനിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്കു തന്നതിൽ വെട്രിമാരനോട് നന്ദിയുണ്ടെന്നും ധനുഷ് പറഞ്ഞു.

'മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജു വാര്യരെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നു പറഞ്ഞ അവതാരകയോടു വളരെ കൃത്യമായ മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു പറഞ്ഞു.

"ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നന്ദി. ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല," മഞ്ജു ആമുഖമായി പറഞ്ഞു.

"ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നുും മഞ്ജു പ്രസംഗത്തിൽ പറഞ്ഞു. അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതെല്ലാം നടക്കട്ടെയെന്നും കൂട്ടിച്ചേർത്താണ് മഞ്ജു വാരിയർ പ്രസംഗം അവസാനിപ്പിച്ചത്.

ചിത്രത്തിന്റെ നിർമാതാവ് മഞ്ജുവിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. അസുരന്റെ അഡ്വാൻസ് തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവർ സംസാരിച്ചിരുന്നില്ല. ഞാൻ അങ്ങോട്ട് നിർബന്ധിച്ച് പ്രതിഫലത്തുക കൈമാറുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവായ കലൈപ്പുലി എസ്. താണു പറഞ്ഞു.