ചെന്നൈ: കാശ്മീരിലെ കുട്ടികളുടെ കാര്യത്തിൽ തനിക്ക് സങ്കടമുണ്ടെന്നും കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുക എന്നത് അവരോട് ചെയ്യുന്ന ഹിംസയാണെന്നും പറഞ്ഞ് തമിഴ് നടി തൃഷ കൃഷ്ണൻ. കാശ്മീരിലെ സ്‌കൂളുകൾ ഏറെ നാളുകളായി അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവ് കൂടിയായ തൃഷ. ഒരു കുട്ടിക്ക് നൽകുന്ന വിദ്യാഭ്യാസത്തിലൂടെ ഒരുപാട് ആപത്തുകൾ ഇല്ലാതാക്കാനും തടയാനും സാധിക്കുമെന്നും കാശ്മീരിൽ സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും തൃഷ സൂചിപ്പിച്ചു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ.
ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോളജിലെ വിദ്യാർത്ഥികളോട് തൃഷ അഭ്യർത്ഥിച്ചു. യൂണിസെഫ് തനിക്ക് നൽകിയ ചുമതലകളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ഏറെ നാളുകളായി പ്രവർത്തിച്ച് വരികയാണ് തൃഷ. രാജ്യത്തെ പോക്സോ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുവെന്നും തൃഷ ചൂണ്ടിക്കാട്ടി.
2014ൽ 9000 പോക്സോ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2016ൽ അത് 36,000 ആയി ഉയർന്നുവെന്നും ബാലവിവാഹം തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നടി പറഞ്ഞു. തമിഴ് സിനിമാ രംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചും തൃഷ വിദ്യാർത്ഥികളോട് സംസാരിച്ചു. നടന്മാർക്ക് നടിമാരേക്കാൾ പ്രതിഫലം ലഭിക്കുന്ന പ്രവണത മാറി വരികയാണെന്നും, 17 വർഷമായി സിനിമാ രംഗത്തുള്ള തനിക്ക് അക്കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കുമെന്നും അവർ പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി(ആർട്ടിക്കിൾ 370) എടുത്ത് മാറ്റിയതിനെ തുടർന്ന് നിലവിൽ വന്ന നിരോധനാജ്ഞയെ തുടർന്നാണ് ഇവിടുത്തെ സ്‌കൂളുകൾ അടച്ചിടുന്നത്.