ന്യൂയോർക്ക് : മുൻനിര താരങ്ങളായ സെറീന വില്യംസും റോജർ ഫെഡററും ആഷ്ലി ബാർട്ടിയുമൊക്കെ യു.എസ് ഒാപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ സെറീനയുടെ സഹോദരിയും മുൻ ചാമ്പ്യനുമായ വീനസ് വില്യംസ് രണ്ടാം റൗണ്ടിൽ പുറത്തായി.
ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നാഗലിനോട് നാല് സെറ്റ് പൊരുതി ജയിച്ച ഫെഡറർക്ക് രണ്ടാം റൗണ്ടിലും ജയിക്കാൻ നാല് സെറ്റ് മത്സരിക്കേണ്ടിവന്നു. ബോസ്നിയൻ താരം ഡാമിർ ഷുംഹുർ ആണ് രണ്ട് മണിക്കൂർ 22 മിനിട്ട് ഫെഡററെ പരീക്ഷിച്ചത്. 3-6 ന് ആദ്യസെറ്റ് നഷ്ടപ്പെട്ട ഫെഡറർ 6-2, 6-3, 6-4 എന്ന സ്കോറിന് തുടർന്നുള്ള മൂന്ന് സെറ്റുകളും നേടുകയായിരുന്നു.
പുരുഷ വിഭാഗത്തിലെ ഒന്നാം നമ്പർ താരമായ നൊവാക്ക് ജോക്കോവിച്ച് 6-4, 7-6, 6-1ന് അർജന്റീനയുടെ അർജന്റീനയുടെ ലോൻ ഡ്രിയോയെ കീഴടക്കിയാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. കെയ് നിഷികോറി 6-2, 4-6, 6-3, 7-5ന് ക്ളാനിനെ കീഴടക്കി.
വനിതാ വിഭാഗത്തിൽ രണ്ടാം സീഡ് ആഷ്ലി ബാർട്ടി 6-2, 7-6 ന് ഡേവിസിനെ കീഴടക്കി. സെറീന വില്യംസ് 5-7, 6-3, 6-1ന് മക്നാലിയെയും കരോളിന പ്ളിസ് കോവ 6-1, 6-4ന് ബോൾക്ക് വാദ്സെയെയും കീഴടക്കി.
വീനസ് വില്യംസ് രണ്ടാം റൗണ്ടിൽ അഞ്ചാം സീഡ് എകാതറിന സ്വിറ്റോളിനയോടാണ് തോറ്റത്. സ്കോർ 4-6, 4-6.