ക്യാംസ്കാനർ എന്നുപേരുള്ള ആപ്പ് നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. പി.ഡി.എഫ് ഡോക്യൂമെന്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഈ ആപ്പിന് ഒറ്റനോട്ടത്തിൽ കുഴപ്പമൊന്നും കണ്ടെന്ന് വരില്ല. ഇതിൽ ആഡുകളും മറ്റും സാധാരണയെന്ന പോലെ പ്രത്യക്ഷപ്പെടുന്നും ഉണ്ടാകാം. ക്യാംസ്കാനറിന്റെ മുൻപത്തെ വേർഷനുകൾ കൈവശമുള്ളവർ പേടിക്കേണ്ടതില്ല. ഈ ആപ്പിന്റെ ഏറ്റവും പുതിയ വേർഷനാണ് പണി തരുക. ക്യാംസ്കാനറിന്റെ ഏറ്റവും പുതിയ വേർഷനിൽ ഒരു മാൽവെയർ ഉണ്ട്.
ഈ മാൽവെയർ നിങ്ങൾ അറിയാതെ തന്നെ മാരകമായ കമ്പ്യൂട്ടർ/സ്മാർട്ട്ഫോൺ വൈറസായ ട്രോജനെ നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യും. പിന്നെ അധികം പറയേണ്ടല്ലോ. വേറെ ഫോൺ വാങ്ങിക്കുന്ന കാര്യം ആലോചിച്ചാൽ മതി. ഈ ആപ്പ് കാരണം സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ച് കാസ്പെർസ്കൈ ആന്റിവൈറസ് കമ്പനിയാണ് ആദ്യം മുന്നറിയിപ്പ് നൽകുന്നത്. കാസ്പെർസ്കൈയുടെ റിപ്പോർട്ട് പുറത്ത് വന്നയുടനെ തന്നെ പ്ളേസ്റ്റോറിൽ നിന്നും ക്യാംസ്കാനർ നീക്കം ചെയ്യാനുള്ള നടപടികൾ ഗൂഗിൾ ആരംഭിച്ച് കഴിഞ്ഞു.
താരതമ്യേന ഒരു ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. അതേസമയം ആപ്പിൾ സ്റ്റോറിൽ ഇതിനായി എറെ കടമ്പകൾ കടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്ളേ സ്റ്റോറിൽ ഉള്ള ആപ്പുകൾ അത്ര സുരക്ഷിതമല്ല എന്ന് പറയേണ്ടി വരും. ഗൂഗിൾ പ്ളേ സ്റ്റോർ ആപ്പുകൾ നിരവധി പെർമിഷനുകൾ ഉപഭോക്താവിൽ നിന്നും ആവശ്യപ്പെടുന്നതും ഇവയെ അപകടകാരികളാക്കുന്നു. തങ്ങളുടെ ഈ പോരായ്മ പരിഹരിക്കാൻ ഏറെ നാളുകളായി ഗൂഗിൾ ശ്രമിക്കുകയാണ്. നിങ്ങളുടെ ഇത് വായിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിൽ ക്യാംസ്കാനർ ഉണ്ടെങ്കിൽ എത്രയും വേഗം അത് ഡിലീറ്റ് ചെയ്യുക. ഇല്ലെങ്കിൽ ഫോണിന്റെ കാര്യം പോക്കാണ്.