rape

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ വീണ്ടും കൂട്ടബലാത്സംഗം. മൂന്നു പേർ ചേർന്നാണ് ഉന്നാവോയിലെ മാഖി ഗ്രാമത്തിലെ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ജൂലായ് ഒന്നിനാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. ഈ വിഷയത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും യാതൊരു അനുബന്ധ നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കുറ്റാരോപിതർ ആയവരെയും പൊലീസ് അറസ്റ്റ് ചെയ്തില്ല. ഇതിൽ മനംനൊന്ത് പെൺകുട്ടിയും കുട്ടിയുടെ അമ്മയും ജില്ലാ ജഡ്ജിയുടെ വീടിന് മുൻപിൽ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ അപകടം ഉണ്ടാകാതെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ രക്ഷിച്ചു.

കേസിലെ പ്രതികൾ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നാണ് പെൺകുട്ടിയും കുടുംബവും പറയുന്നത്. കേസിൽ രണ്ട് പ്രതികളെ തങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ടുപേർ ഒളിവിലാണെന്നും പൊലീസ് പറയുന്നുണ്ട്. ഇതേ മാഖി ഗ്രാമത്തിലെ പെൺകുട്ടിയെ ഉത്തർ പ്രദേശിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെംഗാർ ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ഉന്നാവോ ഇതിന് മുൻപ് വാർത്തകളിൽ നിറഞ്ഞത്. ദുരൂഹമായ സാഹചര്യത്തിൽ ഉണ്ടായ വാഹനാപകത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഈ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. ഈ കേസിലും പൊലീസിന്റെ അലംഭാവത്തെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു.