ലക്ഷ്യം
ചന്ദ്രനിലിറങ്ങി ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ചന്ദ്രയാൻ - 2ന്റെ മുഖ്യലക്ഷ്യം.
ആകെ മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ - 2 നുള്ളത്.
1. ഓർബിറ്റർ - ചന്ദ്രനെ ചുറ്റിക്കറങ്ങുന്നു
2. ലാൻഡർ - ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ
3. റോവർ - ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കാൻ
ഒരു റോക്കറ്റിനുള്ളിലാണ് ഇവ മൂന്നും വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുമ്പോൾ ഓർബിറ്ററും ലാൻഡറും വേർപെടുന്നു. നിശ്ചിത സ്ഥലത്ത് ലാൻഡർ സുരക്ഷിതമായി ഇറങ്ങിയാൽ റോവർ ലാൻഡറിൽ നിന്ന് പുറത്തേക്കുവന്ന് വിവരങ്ങൾ ശേഖരിച്ച് തുടങ്ങും.
എവിടെയിറങ്ങും?
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സമതലത്തിലിറങ്ങാനാണ് പദ്ധതി. മാൻസിനസ്, സിംപേലിയസ് എന്നീ രണ്ട് ഗർത്തങ്ങൾ ദക്ഷിണ ധ്രുവത്തിലുണ്ട്. ഇവയ്ക്കിടയിലാണ് സമതലം സ്ഥിതിചെയ്യുന്നത്.
എന്തായിരിക്കും പഠിക്കുക?
ചന്ദ്രന്റെ രാസഘടന, ജലകണികകൾ, ധാതുക്കൾ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ
ഓർബിറ്റർ
ചന്ദ്രനെ വലം വയ്ക്കുന്ന ഉപഗ്രഹമാണ് ഓർബിറ്റർ. ചന്ദ്രനെ നിരീക്ഷിക്കുന്ന ഓർബിറ്ററിന് മറ്റൊരു ദൗത്യം കൂടിയുണ്ട്. ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലെത്തിക്കുക.
അഞ്ച് ഉപകരണങ്ങൾ ഓർബിറ്ററിലുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ അകലെയായിട്ടാണ് ഓർബിറ്റർ നിലകൊള്ളുക. സൂര്യപ്രകാശത്തിൽ നിന്നാണ് ഓർബിറ്റർ അതിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുക.
ഓർബിറ്ററിൽ ഒരു ഹൈ റെസല്യൂഷൻ കാമറയുണ്ട്. ഇതിനെ ഓർബിറ്ററിന്റെ കണ്ണ് എന്ന് വിശേഷിപ്പിക്കുന്നു. ലാൻഡർ ഏത് സ്ഥലത്താണോ ഇറങ്ങേണ്ടത് അതിന്റെ ചിത്രങ്ങളെടുക്കുന്നത് ഈ കാമറയായിരിക്കും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഓർബിറ്റർ നിർമ്മിച്ചത്.
ലാൻഡർ
ഡോ. വിക്രം സാരാഭായിയുടെ ഓർമ്മയ്ക്കായി വിക്രം എന്നാണ് ലാൻഡറിന് നൽകിയിരിക്കുന്ന പേര്. റോവർ എന്ന മൂന്നാമത്തെ മൊഡ്യൂൾ ലാൻഡറിനകത്താണ് സ്ഥിതിചെയ്യുന്നത്. സമതലത്തിൽ ഇറങ്ങിയതിനുശേഷം ലാൻഡർ റോവറിനെ പുറത്തിറക്കും. അതിന് ശേഷം ലാൻഡറും ചന്ദ്രനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ നടത്തും. അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻസ് സെന്ററാണ് ലാൻഡർ രൂപകല്പന ചെയ്തിരിക്കുന്നത്.
റോവർ
റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണം. 'പ്രഗ്യാൻ" എന്നാണ് ഇതിന്റെ പേര്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇതിന് 27 കിലോ ഭാരമുണ്ട്. ആറ് ചക്രങ്ങളാണ് ഈ ചെറുവാഹനത്തിനുള്ളത്. ഉയർന്ന ശേഷിയുള്ള ദ്രവ എൻജിന്റെ സഹായത്തോടെയാണ് ലാൻഡറിൽ നിന്ന് റോവർ ഇറങ്ങുക.
സവിശേഷത
പല പ്രത്യേകതകളും ചന്ദ്രയാൻ - 2 നുണ്ട്. അവ താഴെ കൊടുക്കുന്നു.
തദ്ദേശീയമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ ചന്ദ്രനിലിറങ്ങാൻ ലക്ഷ്യമിടുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി ഇറങ്ങുന്ന ആദ്യ ബഹിരാകാശ ദൗത്യംചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയാൽ ഇത്തരത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
സഹായിച്ചവർ
പല പൊതുമേഖലാഗവേഷണ സ്ഥാപനങ്ങളുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ചന്ദ്രയാൻ. ചന്ദ്രയാനിലെ ഉപകരണങ്ങൾ പലയിടത്തായി വികസിപ്പിച്ചവയാണ് അവയിൽ ചിലത്.
യു.ആർ. റാവു ഉപഗ്രഹ കേന്ദ്രം, ബംഗളൂരു
പ്രധാന ബഹിരാകാശപേടകം, അതിലെ സോഫ്ട് വെയറുകൾ എന്നിവ വികസിപ്പിച്ചു.
ലബോറട്ടറി ഒഫ് ഇലക്ട്രോ -ഒപ്റ്റിക്കൽ സിസ്റ്റംസ്, ബെംഗളൂരു
കാമറ, സെൻസറുകൾ എന്നിവ നിർമ്മിച്ചത്.
വിക്രം സാരാഭായ് സ്പേസ് സെന്റർ, തിരുവനന്തപുരം.
ബഹിരാകാശ പേടകം വിക്ഷേപിക്കാനുള്ള റോക്കറ്റ് നിർമ്മിച്ചു.
ഫിസിക്കൽ റിസർച്ച് ലബോറട്ടറി, സ്പേസ് ആപ്ളിക്കേഷൻ
സെന്റർ, അഹമ്മദാബാദ് ഭൂരിഭാഗം ഉപകരണങ്ങൾ നിർമ്മിച്ചു
ചന്ദ്രനെ പഠിക്കാൻ ഇവർ
പതിനാല് ഉപകരണങ്ങളാണ് ചന്ദ്രയാൻ - 2 ലുള്ളത്. ഇതിനെ പേലോഡുകൾ എന്നു പറയുന്നു.
പേലോഡുകൾ
ടെറെയൻ മാപ്പിംഗ് കാമറ 2
ചന്ദ്രന്റെ ഉപരിതലത്തിലെ ത്രിമാന ഭൂപടം നിർമ്മിക്കാൻ സഹായിക്കുന്നു.ലാർജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റർ, സോളാർ എക്സ്റേ മോണിറ്റർ. ഉപരിതലത്തിലെ മഗ്നീഷ്യം, സിലിക്കൺ, അലുമിനിയം, സോഡിയം എന്നീ മൂലകങ്ങളെക്കുറിച്ച് പഠിക്കും.
ഇമേജിംഗ് ഐ.ആർ.സ്പെക്ട്രോമീറ്റർ
ചന്ദ്രന്റെ ഉപരിതലത്തിൽ ധാതുക്കൾ, ജലകണികകൾ എന്നിവയുടെ സാന്നിദ്ധ്യം വ്യത്യസ്ത തരംഗ ദൈർഘ്യ പരിധിയിൽ പരിശോധിക്കും.
ഡ്യൂവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ
ചന്ദ്രനിലെ ജലസാന്നിദ്ധ്യം പരിശോധിക്കും. 10 മീറ്റർ ആഴത്തിൽ കുഴികുഴിച്ച് ഇത് പഠനം നടത്തും.
ഡ്യൂവൽ ഫ്രീക്വൻസി റേഡിയോ സയൻസ്
ചന്ദ്രന്റെ അയണോസ്ഫിയറിലെ ഇലക്ട്രോൺ സാന്ദ്രത പഠിക്കും.
ചന്ദ്രയാൻ 2 അറ്റ്മോസ്ഫെറിക്ക് കോംപോസിഷണൽ എക്സ്ഫ്ളോറർ
ചന്ദ്രന്റെ ബാഹ്യ മണ്ഡലത്തെക്കുറിച്ച് പഠിക്കും
ലാൻഡറിലെ പേലോഡുകൾ
ലാൻഡറിൽ 3 ഉപകരണങ്ങളുണ്ട്.
രംഭ
( Radio Anatomy of moon bound Hypersensitive ionosphere and Atmosphere-RAMBHA)
ചന്ദ്രോപരിതലത്തിലെ പ്ളാസ്മയുടെ സാന്ദ്രത, താപനില, ഇലക്ട്രോൺ സാന്ദ്രത എന്നിവ പഠിക്കും.
സർഫസ് തെർമോഫിസിക്കൽ എക്സ്െപരിമെന്റ് ( Chandras surface Thermophysical Experiment - Chaste)
ചന്ദ്രന്റെ ഉപരിതലത്തിലെ താപ ചാലകതയെക്കുറിച്ച് വ്യത്യസ്ത സാഹചര്യങ്ങളിൽ പഠിക്കുന്നു.
ഇൻസ (Instrument for Lunar Seismic Activity ICSA)
ഇത് ഒരു സീസ്മോമീറ്ററാണ്. ചന്ദ്രനിലെ കമ്പനങ്ങൾ അളക്കാൻ കഴിയും.
റോവറിലെ പേലോഡുകൾ
ആൽഫാ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ
ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമല്ലോ. അവിടത്തെ രാസഘടന മനസിലാക്കാനാണിത്.
ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ്
ലാൻഡർ ഇറങ്ങുന്ന സ്ഥലത്തെ വ്യത്യസ്ത മൂലകങ്ങളുടെ വിതരണത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നു.
ഡോ. കെ. ശിവൻ - ചെയർമാൻ. ഐ.എസ്.ആർ.ഒ
മുഴുവൻ പേര് കൈലാസവടിവൂ ശിവൻ. 62 വയസ്സ്. ജനനം തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ. 1980 ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് ഏറോനോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. ബംഗളൂരുവിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് ഏറോസ്പേസ് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം. അതിനു ശേഷം മുംബയ് ഐ.ഐ.ടിയിൽ നിന്ന് അതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1982 ൽ ഐ.എസ്.ആർ.ഒയിൽ ചേർന്നു. പി.എസ്.എൽ.വി പ്രോജക്ടിൽ ആദ്യ ദൗത്യം. ഐ.എസ്.ആർ.ഒയുടെ എല്ലാ വിക്ഷേപണ ദൗത്യങ്ങളുടെയും നട്ടെല്ലായ 6ഡി ട്രാജക്ടറി സിമുലേഷൻ സോഫ്ട്വെയർ ആയ സിതാരയുടെ ചീഫ് ആർക്കിടെക്ട്. വിക്രം സാരാഭായ് സ്പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ എന്നിവയുടെ ഡയറക്ടർ ആയിരുന്നു.
എം. വനിത- പ്രോജക്ട് ഡയറക്ടർ
നേച്ചർ മാഗസിൻ ഈ വർഷത്തെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞയായി തിരഞ്ഞെടുത്തു. 2006 ൽ ബെസ്റ്റ് വിമൻ സയന്റിസ്റ്റ് പുരസ്കാരം. ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടർ ആകുന്നതിനു മുമ്പ് ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്ററിൽ ഡിജിറ്റൽ സിസ്റ്റംസ് ഗ്രൂപ്പിൽ ടെലിമെട്രി ആൻഡ് ടെലികമാൻഡ് ഡിവിഷൻ മേധാവി. കാർട്ടോസാറ്റ്- 1 ടി.ടി.സി ബേസ്ബാൻഡ് സിസ്റ്റംസിൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ. ഓഷൻസാറ്റ്- 2 ഡിജിറ്റൽ സിസ്റ്റംസ് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ.
റിതു കരിധൽ- മിഷൻ ഡയറക്ടർ
ഇന്ത്യയുടെ റോക്കറ്റ് വനിതയെന്ന് വിശേഷണം. ലക്നൗവിൽ ജനനം. 1997 ൽ ഐ.എസ്.ആർ.ഒയിൽ ചേർന്നു. 2007 ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യയുടെ മംഗൾയാൻ- ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ. പത്തു മാസത്തിനുള്ളിൽ, 450 കോടി രൂപ മാത്രം ചെലവിൽ മംഗൾയാൻ ദൗത്യം വിജയകരമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.