പുറംവേദനയുള്ളവർ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. തെറ്റായ രീതിയിലുള്ള കിടപ്പ് , വ്യായാമമില്ലായ്മ, ദീർഘനേരം ഒരേയിരുപ്പിലുള്ള ജോലി, മാനസിക പിരിമുറുക്കം, ടെൻഷൻ എന്നിവയാണ് പ്രധാനമായും പുറംവേദനയുടെ കാരണങ്ങൾ. എന്നാൽ ചിലരിൽ വിറ്റാമിൻ ഡിയുടെ അഭാവം കൊണ്ടും പുറംവേദന കണ്ടുവരുന്നുണ്ട്. ഇത് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക.
നട്ടെല്ല് നിവർന്ന് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നടുഭാഗം മുതൽ കഴുത്ത് വരെയുള്ള എല്ല് നേരെ വരുന്ന വിധമാകണം ഇരിപ്പ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഓരോ മണിക്കൂർ ഇടവേളകളിൽ എഴുന്നേറ്റ് ആറോ ഏഴോ മിനിട്ട് നടക്കുക. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ കൂനിക്കൂടിയും ചാഞ്ഞും ചരിഞ്ഞും ഇരിക്കരുത്. കണ്ണിന് നേരെയായിരിക്കണം മോണിറ്റർ. കഴുത്ത്, അരക്കെട്ട് എന്നീ ഭാഗങ്ങൾ ചലിപ്പിക്കുന്ന വ്യായാമങ്ങൾ പുറംവേദന അകറ്റാൻ സഹായിക്കും. പുറംവേദന നീണ്ടുനിൽക്കുന്നുവെങ്കിൽ ഡോക്ടറെ കാണണം.