unni-mukundan

വയനാട്: ഉരുൾപൊട്ടലിൽ വീട് പൂർണ്ണമായി തകർന്ന കിളിയൻകുന്നത്ത് മുഹമ്മദിന്റെ പൊട്ടിക്കരച്ചിൽ നമ്മളെയൊക്കെ ഏറെ വേദനിപ്പിച്ചിരുന്നു. വാർത്തകളിലൂടെയാണ് ഇക്കാര്യം ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ അറിഞ്ഞത്. എല്ലാം നഷ്ടപ്പെട്ടെന്ന മുഹമ്മദിന്റെ ആ ഹൃദയം പൊട്ടിയുള്ള കരച്ചിൽ ഉണ്ണിമുകുന്ദന്റെ ഹൃദയത്തെയും പൊള്ളിച്ചിരുന്നു. ഇപ്പോഴിതാ മുഹമ്മദിന് സഹായവുമായെത്തിയിരിക്കുകയാണ് താരം.

അഞ്ച് ലക്ഷം രൂപയാണ് ഉണ്ണിമുകുന്ദൻ മുഹമ്മദിനും കുടുംബത്തിനുമായി നൽകിയിരിക്കുന്നത്. താരത്തിന്റെ അസാന്നിധ്യത്തിൽ സുഹൃത്തുക്കളാണ് തുക കൈമാറിയത്. ശേഷം മുഹമ്മദ് ഉണ്ണി മുകുന്ദനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. സഹദ് മേപ്പാടി എന്ന വ്യക്തിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ചന്ദ്രൻ, എട്ടാം വാർഡ് മെമ്പർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയതെന്ന് സഹദ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി.
ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്.അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി.വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെമ്പർ ചന്ദ്രൻ, എട്ടാം വാർഡ് മെമ്പർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.