pala-by-election

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ്.കെ.മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. നിഷയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവമാണ്. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. അന്തരിച്ച കേരള കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കി. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കൾ അറിയിച്ചതായാണ് വിവരം. ജോസ്.കെ.മാണിയോ നിഷയോ സ്ഥാനാർത്ഥിയാകണമെന്നാണ് ഇരുവരുടേയും ഭാഗം. ഇതുസംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായിൽ ജോസ് വിഭാഗത്തിന്റെ യോഗം നടക്കും.

സ്ഥാനാർത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്. പാലായിൽ സ്ഥാനാർത്ഥി ആരാകാണം എന്ന കാര്യത്തിൽ പാർട്ടി അംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യം. യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അത് ഇടതുമുന്നണിയുടെ ദിവാസ്വപ്നമാണെന്നും ജോസ്.കെ.മാണി സ്ഥാനാർത്ഥിയാകുമെന്നത് ഇടത് പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി.തോമസിന് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്നലെ നടന്ന ജില്ലാ എൻ.ഡി.എ യോഗം പി.സി.തോമസ്, എൻ.ഹരി എന്നിവരുടെ പേരാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയതും കേരള കോൺഗ്രസിലെ ഇപ്പോഴത്തെ ഭിന്നതയും കാരണം ഉപതിരഞ്ഞെടുപ്പിൽ പി.സി.തോമസ് മത്സരിക്കുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ എന്നിവരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.