food-poison

മഥുര(ഉത്തർപ്രദേശ്): അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് രണ്ട് കുട്ടികൾ മരിക്കുകയും പത്ത് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ ആഴ്ച ആദ്യം മഥുരയിലെ അനാഥാലയത്തിലെ ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഭക്ഷ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

'ഭക്ഷ്യവിഷബാധയെത്തുടർന്ന് 12 കുട്ടികൾക്ക് അസുഖം വന്നു എന്നത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. ഇതിൽ രണ്ട് പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ച കുട്ടികൾ ആറുമാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണ്'-ജില്ലാ മജിസ്‌ട്രേറ്റ് സർവ്വഗ്യ റാം മിശ്ര പറഞ്ഞു.

'ആറ് കുട്ടികളെ ഇവിടെ നിന്ന് ആഗ്രയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർ സുഖം പ്രാപിച്ചുവരികയാണ്. പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ്. വളരെ ചെറിയ കുട്ടികളാണ്, അതിനാൽത്തന്നെ ശരിയായ പരിചരണം നൽകേണ്ടതായിരുന്നു. അധികാരികൾ ഇക്കാര്യത്തിൽ ജാഗ്രതപുലർത്തേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഇതിന് കാരണമാണ്'-കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. ഇക്കാര്യം ഉടൻ തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നുവെന്നും 24 മണിക്കൂറിനുള്ളിൽ ശരിയായ അന്വേഷണത്തിന് ശേഷം ഇതിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടു ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.