bjp

ന്യൂഡൽഹി: ദുഷ്‌ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെ ഇല്ലായ്‌മ ചെയ്യുകയാണെന്ന സ്വാധി പ്രഗ്യ എം.പിയുടെ വിവാദ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇക്കാര്യത്തിൽ സ്വാധിയെ നേരിട്ട് താക്കീത് ചെയ്‌ത ബി.ജെ.പി നേതൃത്വം ഇനി പൊതുചടങ്ങുകളിൽ സംസാരിക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി വിവാദപരമായ പരാമർശം ഉണ്ടാവുകയാണെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുഷമാ സ്വരാജിന്റെയും അരുൺ ജെയ്‌റ്റ്‌ലിയുടെയും മരണത്തിന് പിന്നാലെ സ്വാധി നടത്തിയ പരാമർശമാണ് വിവാദമായത്. ഇരുവരുടെയും മരണത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്നും മാരക ശക്തികളെ ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സ്വാധി ആരോപിച്ചിരുന്നു.

ബി.ജെ.പിക്ക് ദോഷകാലം വരാൻ പോകുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ മാരക ശക്തികളെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും ഞാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ആചാര്യൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ഞാൻ മറന്നുപോയി. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന നേതാക്കൾ ഒന്നിനുപിറകെ ഒന്നായി മരിക്കുമ്പോൾ ആചാര്യൻ പറഞ്ഞത് സത്യമാണോ എന്ന് ഞാൻ ചിന്തിച്ച് പോകുന്നു. ഒരുപക്ഷേ ആചാര്യൻ പറഞ്ഞത് സത്യമായിരിക്കുമോയെന്നും സ്വാധി ചോദിച്ചിരുന്നു. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാൽ ഗൗർ, മുൻകേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന യോഗത്തിലായിരുന്നു പരാമർശം. ഇത് വിവാദമായതോടെ ബി.ജെ.പി നേതാക്കൾ തന്നെ സ്വാധിക്കെതിരെ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം.