കൊച്ചി: ആവശ്യപ്പെട്ട പണം നൽകാത്തതിന് ആൺസുഹൃത്തിനെതിരെ വ്യാജ പീഡന പരാതി പരാതി നൽകി യുവതി. സുഹൃത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതി വനിതാ കമ്മീഷന് പരാതി നൽകിയത്. എന്നാൽ വനിതാ കമ്മീഷൻ അന്വേഷണം നടത്തിയപ്പോൾ ഈ പരാതി വ്യാജമാണെന്നും യുവതി കള്ളം പറയുകയാണെന്നും കണ്ടെത്തി. വ്യാഴാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന അദാലത്തിലാണ് യുവാവ് തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി എത്തുന്നത്. യുവാവിൽ നിന്നും പണം തട്ടാനുള്ള ഇവരുടെ അടവാണിതെന്ന് ചോദ്യം ചെയ്യലിൽ കമ്മീഷന് ബോധ്യപ്പെട്ടു.
ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു ഇവർ രണ്ടുപേരും. ഈ അടുപ്പം മുതലാക്കി യുവാവിനോട് ഇവർ പലതവണ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നെ കബളിപ്പിക്കാൻ ഉള്ള ശ്രമമാണിതെന്ന് മനസിലാക്കിയ യുവാവ് പണം നൽകാൻ തയാറായില്ല. ഇതിൽ പ്രകോപിതയായി യുവതി വനിതാ കമ്മീഷനെ വ്യാജ പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ യുവതിയെ ശാസിച്ച് വിട്ടയച്ചു. വ്യാജ പരാതിയിലൂടെ പുരുഷന്മാരെ ദ്രോഹിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ ആകില്ലെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.